സിക വ്യാപനം തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

post

തിരുവനന്തപുരം: സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം. നേരത്തെ സാംക്രമിക രോഗങ്ങളെ തടയുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ രീതിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിക വൈറസിന്റെ വ്യാപനം തടയാന്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു.

കൊതുക് നിവാരണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് വീടുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിച്ച് വീടും പരിസരവും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കണം. സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനമെന്നും അത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ നിരീക്ഷിച്ച് കൊതുകുകള്‍ വളരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട് തുടങ്ങിയവ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സിക ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ അതീവ ജാഗ്രതയോടെ വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോവുകയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.