ഫയല്‍ തീര്‍പ്പ് വേഗത്തിലാക്കും; സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനൊരുങ്ങി വ്യവസായ വകുപ്പ്

post

തിരുവനന്തപുരം: ഫയലുകള്‍ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍ദ്ദേശം നല്‍കി. വകുപ്പിലെ ഫയല്‍ നീക്കവും അതിന്‍മേലുള്ള തീരുമാനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.

നിലവിലുള്ള മുഴുവന്‍ ഫയലുകളും  തിട്ടപ്പെടുത്തും. കോടതി കേസുകളില്‍ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകളില്‍ രണ്ടാഴ്ചക്കുള്ളില്‍ തീര്‍പ്പുണ്ടാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും പരിഹരിക്കും. ഫയല്‍ നീക്കത്തിന്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം എടുക്കേണ്ടതില്ലാത്ത ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. വകുപ്പ് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍വ്വഹണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനും തുകവിനിയോഗം ഉറപ്പു വരുത്തുന്നതിനും കലണ്ടര്‍ തയ്യാറാക്കും. നിയമസഭാ സമിതികള്‍ക്കുള്ള റിപ്പോര്‍ട്ടുകളും ചോദ്യങ്ങള്‍ക്കുള്ള മറുപടികളും യഥാസമയം നല്‍കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ. ഇളങ്കോവന്‍, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.