തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപ അനുവദിക്കും

post

*മന്ത്രിമാര്‍ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

*ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണത്തിനും നവീകരണത്തിനുമായി 25 കോടിയുടെ പദ്ധതി

തിരുവനന്തപുരം : തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. തലസ്ഥാനത്തെ പ്രധാനപ്പെട്ട തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആമയിഴഞ്ചാന്‍ തോട് വളരെ മോശമായ അവസ്ഥയിലാണ്. ഇതിന്റെ ശുചീകരണവും നവീകരണവും നടത്തുന്നതിനായി 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഈ വിഷയം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ പ്രാരംഭ നവീകരണ പ്രവൃത്തികള്‍ക്കായി 45 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കും.

പട്ടം തോടിന് 35 ലക്ഷവും ഉള്ളൂര്‍ തോടിന് 30 ലക്ഷവും പഴവങ്ങാടി തോടിന് 70 ലക്ഷവും തെക്കനക്കര തോടിന് 15 ലക്ഷവും കരിമഠത്തിന് 45 ലക്ഷവും തെറ്റിയാറിന് 20 ലക്ഷവും കരിയില്‍ തോടിന് 55 ലക്ഷവും പാര്‍വതിപുത്തനാറിന് 45 ലക്ഷവും കിള്ളിയാറിനും കരമനയാറിനും 25 ലക്ഷം വീതവും അനുവദിക്കും.

വെള്ളക്കെട്ടും അതിന്റെ ഭാഗമായുണ്ടാകുന്ന ദുരന്തവും തലസ്ഥാന നഗരത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തലസ്ഥാനത്തെ വെള്ളക്കെട്ടിനെ സംസ്ഥാനത്തെ പ്രധാന പ്രശ്നമായാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിയത് പരിശോധിക്കും. നിയമവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു