കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലിറക്കി
 
                                                തിരുവനന്തപുരം : സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ വിപണിയിയിലിറക്കി. എട്ടു മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴിക്കുള്ള തീറ്റ ആണിത്. കോഴിത്തീറ്റയുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു.  ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ കേരളഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍ നടന് ജയറാം പങ്കെടുത്തു.
കേരളത്തില്‍ അത്യുല്പാദനശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്ത് മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള കോഴിത്തീറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്.
കോഴിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് സോയാബീന്‍. കേരളത്തില്‍ സോയാബീന്‍ കൃഷി ചെയ്യുന്നില്ല. ഇന്ത്യ ഉല്പാദിപ്പിക്കുന്ന സോയാബീന്‍ പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് തീറ്റയുടെ വിലവര്‍ധനവിന് കാരണമാകുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീന്‍ കേരളത്തില്‍ കൃഷി ചെയ്യും. കോഴിത്തീറ്റയുടെ വിലവര്‍ധനവില്‍ വലയുന്ന കോഴി കര്‍ഷകരെ സഹായിക്കാനാണ് കിലോയ്ക്ക് 40 രൂപ ചെലവ് വരുന്ന അതുല്യം കോഴിത്തീറ്റവില കുറച്ചു നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പശുക്കളുടെ പ്രത്യുല്പാദനശേഷി സംബന്ധമായ പ്രശ്നമായിരുന്നു ക്ഷീരകര്ഷകന് ആയ താന്‍ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വര്‍ഷമായി കേരള ഫീഡ്സ് കാലിത്തീറ്റ ഉപയോഗിച്ചതോടെ ഇതിന് പരിഹാരമായെന്നും ജയറാം പറഞ്ഞു. കേരള ഫീഡ്സ് എം ഡി ഡോ: ബി ശ്രീകുമാര്‍, കേരള ഫീഡ്സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉഷാ പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.










