കൊറോണ വൈറസ്: ജാഗ്രത ശക്തമാക്കി; കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തില്‍

post

*തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിരീക്ഷണ സംവിധാനം

*ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതില്‍ ഏഴു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒന്‍പതു പേരെ ഡിസ്ചാര്‍ജ് ചെയ്തു. 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആറു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലു പേരുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സംശയം തോന്നിയ ആറു പേരുടെ സാമ്പിളുകള്‍ ചൊവ്വാഴ്ച അയച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.ന്റെ ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഒരു കൊറോണ രോഗ ബാധയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഒരാള്‍ക്കെങ്കിലും ബാധിച്ചാല്‍ അതിനെ നേരിടാനുള്ള സംവിധാനമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ടുകളുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. കൊച്ചി വിമാനത്താവളത്തില്‍ നേരത്തെ തന്നെ നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലും പുതുതായി നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിലെ വുഹാനില്‍ നിന്നും വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാറുണ്ട്. അത് വലിയ ആപത്താണ്. അതിനാല്‍ ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കണം. ചൈന, തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യവുമില്ല. എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ടതാണ്. ചൈനയില്‍ പോയി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിക്കപ്പെടുവാന്‍ തയ്യാറാകുകയും സമാന രീതിയില്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം.
കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. 28 ദിവസംവരെ ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്. ലോകത്ത് നിന്നും കൊറോണ രോഗബാധ പൂര്‍ണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ ഈ നിരീക്ഷണം തുടരും.
കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. നോര്‍ക്ക വഴിയും ഇടപെടല്‍ നടക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട്. കേന്ദ്രം അനുമതി നല്‍കി അവരെ തിരികെ കൊണ്ടുവന്നാല്‍ അവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍കര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.