മൂവായിരം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രകൃതിവാതകത്തിലേയ്ക്ക്

post

തിരുവനന്തപുരം: സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആര്‍.ടി.സി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ബജറ്റില്‍ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.  ഇതില്‍ 100 കോടി രൂപ ഈ വര്‍ഷം ചെലവഴിക്കും.  കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനമായുള്ള പത്ത് ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.  പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയില്‍ മാറ്റി വെച്ചിട്ടുണ്ട്.  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും, സിയാലിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സാധാരണ തൊഴിലുകള്‍ ചെയ്യുന്ന പത്ര വിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോംഡെലിവറി ചെയ്യുന്ന യുവാക്കള്‍ എന്നിവര്‍ക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.  200 കോടി രൂപയാണ് പലിശയിളവ് നല്‍കി വായ്പയായി നല്‍കുന്നത്.