കിടപ്പുരോഗികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും; മുഖ്യമന്ത്രി

post

തിരുവനന്തപുരം: കിടപ്പുരോഗികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കണം. കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും.

നവജാത ശിശുക്കള്‍ക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ജാഗ്രത പാലിക്കും.

കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി ജൂണ്‍ 15നകം പരമാവധി കൊടുക്കും.

വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരള കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ആന്റ് എന്‍വയര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഔഷധ ഉല്‍പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാര്‍. നമ്മുടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവരും. അത്തരം ക്യാമ്പുകളില്‍ വൈറസ് ബാധയുള്ളവര്‍ എത്തിയാല്‍ കൂടെയുള്ളവര്‍ക്കാകെ പകരുന്നത് ഒഴിവാക്കാന്‍ റിലീഫ് ക്യാമ്പുകളില്‍ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് 25 പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ഇവ നിലവില്‍ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്‌നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.