അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍വകുപ്പും സപ്ലൈക്കോയും

post

കാസര്‍കോട്: കോവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തി തൊഴില്‍ വകുപ്പും സപ്ലൈകോയും. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റുകളാണ് ഓരോ തൊഴിലാളിക്കും ലോക്ക് ഡൗണ്‍ കാലത്ത് വിതരണം ചെയ്യുന്നത്. തൊഴിലുടമകള്‍ക്ക് കീഴില്‍ അല്ലാതെ തൊഴിലെടുക്കുന്ന 5000 ന് മുകളില്‍ അതിഥി തൊഴിലാളികള്‍ ജില്ലയില്‍  ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. കാസര്‍കോട് അസി.ലേബര്‍ ഓഫീസര്‍ക്ക് കീഴില്‍ 1645 പേര്‍ക്കും കാഞ്ഞങ്ങാട് അസി.ലേബര്‍ ഓഫീസര്‍ക്ക് കീഴില്‍ 1625 പേരുമടക്കം വെള്ളിയാഴ്ച വരെ 3270 തൊഴിലാളികള്‍ക്ക് സപ്ലൈകോയുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് ഭക്ഷ്യകിറ്റ് നല്‍കി. 

അഞ്ചു കിലോ അരി, രണ്ട് കിലോ വീതം ആട്ടയും കടലയും, എണ്ണ, ഒരു കിലോ വീതം തുവരപ്പരിപ്പ്, സവാള എന്നിവ, 100 ഗ്രാം മുളക്പൊടി, അഞ്ച് മാസ്‌ക് എന്നിങ്ങനെ 10 ഇനങ്ങളടങ്ങിയ കിറ്റുകളാണ് തൊഴിലാളികള്‍ക്ക് അവരുടെ താമസസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നത്. ഓരോ പ്രദേശങ്ങളിലെയും തദ്ദേശ സ്ഥാപന ജനപ്രതിനികളുടെ സഹായത്തോടെയാണ് അതിഥി തൊഴിലാളികളെ കണ്ടെത്തുന്നത്. ഇതുവഴി തൊഴിലാളികളുടെ വിവരശേഖരണവും സാധ്യമാകുന്നതായും ജില്ല ലേബര്‍ ഓഫീസര്‍ എം കേശവന്‍ പറഞ്ഞു. എല്ലായിടങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്നതിനാല്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം നടത്താനും സാധിക്കുന്നുണ്ട്. ഇതരഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.