സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാരെത്തണം; വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ പേര്‍

post

തിരുവനന്തപുരം: വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും പാര്‍ലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.

ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. കോവിഡ്മൂലം മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മരണമടയുന്നവരെ ഉടന്‍ തന്നെ വാര്‍ഡുകളില്‍നിന്നു മാറ്റാന്‍ സംവിധാനമുണ്ടാക്കും.

ടെക്നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ അവരുടെ അഭിപ്രായം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15 പരീക്ഷകള്‍ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതനുസരിച്ച് പരീക്ഷ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്റിങ് സെന്ററുകളും പ്രവര്‍ത്തനം തുടങ്ങി.

കോവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം നടപടികള്‍ കണ്ടെത്തുന്നതിനായി സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ശരീരത്തിന്റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.

ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.