മഞ്ചേരി മെഡി. കോളേജ് കോവിഡ് ആശുപത്രി: മറ്റു ചികിത്സ തേടുന്നവര്‍ക്ക് ബദല്‍ സംവിധാനം

post

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി വിലയിരുത്തി 

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കുമ്പോള്‍ അവിടെ സേവനം തേടുന്ന ഗര്‍ഭിണികള്‍ക്കും മറ്റ് രോഗബാധിതര്‍ക്കും ജില്ലാ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്്സിജന്‍ സൗകര്യങ്ങള്‍, ആവശ്യമായ സ്റ്റാഫ് തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി. ഗര്‍ഭിണികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളുടെ സേവനം തേടാം. ഗര്‍ഭിണികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ഫീല്‍ഡ് തലത്തില്‍ ജെ.പി.എച്ച്.എന്‍, ആശ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ജില്ല പര്യാപ്തമാണെന്നും ഓക്സിജന്‍ ലഭ്യത കൂട്ടുവാനായി ആശുപത്രികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതായും വിലയിരുത്തി. 

കരുതല്‍ വാസകേന്ദ്രങ്ങള്‍, പ്രാരംഭ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയുടെ നടത്തിപ്പ്, കരുതല്‍ നിരീക്ഷണം, ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പാലനം, കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും മതമേലദ്ധ്യക്ഷന്‍മാരുടെയും പൂര്‍ണ്ണമായ സഹകരണം ഉറപ്പാക്കണം. കോവിഡ് വ്യാപനം കൂടുതലും ഉണ്ടായിട്ടുള്ളത് വീടുകളില്‍ ആയതിനാല്‍ ഇതിനെ തടയാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. യോഗത്തില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. 

അവലോകന യോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെകട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍. രമേശ്, ഡി.എം.ഇ.ഡോ. റംലാബീവി, ഡി.എം.ഒ. ഡോ.സക്കീന, ഡി.പി.എം., സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.