പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമത് മന്ത്രിസഭ അധികാരമേറ്റു

post

തിരുവനന്തപുരം: ചരിത്രപ്രതിജ്ഞയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.

വൈകിട്ട് മൂന്നോടെ നിയുക്ത മന്ത്രിമാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലിയുടെ പ്രത്യേക സംഗീത വീഡിയോ ചടങ്ങുകള്‍ക്ക് മുമ്പ് വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വേദിയിലെത്തി. ദേശീയഗാനത്തിന് ശേഷം ചീഫ് സെക്രട്ടറി ഡോ: വി.പി ജോയ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ അനുമതി തേടി. തുടര്‍ന്ന്, പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കായി ചീഫ് സെക്രട്ടറി ക്ഷണിച്ചു. സദസ്സിനിടയിലേക്ക് ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തശേഷം വേദിയിലേക്ക് കയറിയ അദ്ദേഹം 3.33ന് ഗവര്‍ണര്‍ മുമ്പാകെ സഗൗരവം സത്യവാചകം ചൊല്ലി. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പുവച്ചശേഷം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ബൊക്കെ നല്‍കി അഭിനന്ദിച്ചു.

പിന്നാലെ, എല്‍ഡിഎഫ് ഘടകകക്ഷികളെ പ്രതിനിധാനംചെയ്ത് കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ: ആന്റണി രാജു എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി. അതിനുശേഷം ബാക്കി നിയുക്തമന്ത്രിമാരെ അക്ഷരമാല ക്രമത്തില്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. വി. അബ്ദുറഹ്‌മാന്‍, അഡ്വ. ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, പ്രൊഫ: ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ചൊല്ലിയശേഷം എല്ലാ മന്ത്രിമാരെയും ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി. അബ്്ദുറഹ്‌മാന്‍, വീണാ ജോര്‍ജ് എന്നിവര്‍ ദൈവനാമത്തിലും അഹ്‌മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ബാക്കി മന്ത്രിമാര്‍ സഗൗരവ പ്രതിജ്ഞയാണെടുത്തത്.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കു പുറമേ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ഉദ്യോഗസ്ഥ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

വൈകിട്ട് 4.50 ഓടെ സത്യപ്രതിജ്ഞയുടെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയായി. ദേശീയഗാനം ആലപിച്ച് ചടങ്ങ് അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ഗവര്‍ണര്‍ ചായ സല്‍ക്കാരത്തിന് രാജ്ഭവനിലേക്ക് ക്ഷണിച്ചു. രാജ്ഭവനിലെ ഗവര്‍ണറുടെ ആതിഥ്യം സ്വീകരിച്ചശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി വൈകിട്ട് ആറിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യമന്ത്രിസഭായോഗം ചേര്‍ന്നു.

ചിട്ടയായ രണ്ടര മണിക്കൂര്‍

ചിട്ടയായ സമയക്രമമനുസരിച്ചാണു സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ പന്തലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായത്. ചടങ്ങിന്റെ എല്ലാ നടപടിക്രമങ്ങളും രണ്ടര മണിക്കൂറില്‍ പൂര്‍ത്തിയായി. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നതുപോലെ ഏറെ നേരത്തേ എം.എല്‍.എമാരും മറ്റു വിശിഷ്ടാതിഥികളും എത്തി. രണ്ടരയോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാരംഭം മുതല്‍ അവസാനം വരെയുള്ള ചടങ്ങുകളിലൂടെ

ഉച്ചയ്ക്ക് 2.25 - പുതിയ മന്ത്രിസഭയ്ക്കു പ്രമുഖര്‍ ആശംസയര്‍പ്പിക്കുന്ന വിഡിയോ സന്ദേശങ്ങള്‍ സത്യപ്രതിജ്ഞാ വേദിയിലെ കൂറ്റന്‍ വിഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.

2.30 - നിയുക്ത മന്ത്രിമാര്‍, എം.എല്‍.എമാര്‍, മുന്‍ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തിത്തുടങ്ങി.

2.48 - മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തുന്നു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ ചേര്‍ന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു.

2.54 - നവകേരള ഗീതാഞ്ജലി വേദിയിലെ ബിഗ് സ്‌ക്രീനില്‍.

3.15 - മുഖ്യമന്ത്രി പിണറായി വിജയന്‍ നിയുക്ത മന്ത്രിമാരെയും എം.എല്‍.എമാരെയും വിശിഷ്ടാതിഥികളേയും ഇരിപ്പിടങ്ങള്‍ക്കരികില്‍ച്ചെന്നു കാണുന്നു.

3.22 - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍നിന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക്

3.28 - ഗവര്‍ണറുടെ വാഹനവ്യൂഹം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ചേര്‍ന്നു സ്വീകരിക്കുന്നു.

3.30 - ഗവര്‍ണര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി. ദേശീയഗാനത്തോടെ ചടങ്ങുകള്‍ക്കു തുടക്കം.

3.31 - ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ചടങ്ങുകള്‍ക്കു തുടക്കംകുറിച്ചു സംസാരിക്കുന്നു.

3.32 - മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

3.37 - മന്ത്രിയായി കെ. രാജന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

3.41- മന്ത്രിയായി റോഷി അഗസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

3.44 - മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു.

3.47 - മന്ത്രിയായി എ.കെ. ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

3.52 - മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

3.55 - മന്ത്രിയായി ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്യുന്നു.

3.59 - മന്ത്രിയായി വി. അബ്ദുറഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.03 - മന്ത്രിയായി അഡ്വ. ജി.ആര്‍. അനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.06 - മന്ത്രിയായി കെ.എന്‍. ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.10 - മന്ത്രിയായി പ്രൊഫ. ആര്‍. ബിന്ദു സത്യപ്രതിജ്ഞ ചെയ്യുന്നു.

4.14 - മന്ത്രിയായി ജെ. ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്യുന്നു.

4.18 - മന്ത്രിയായി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.22 - മന്ത്രിയായി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്യുന്നു.

4.26 - മന്ത്രിയായി പി. പ്രസാദ് സത്യപ്രതിജ്ഞ ചെയ്യുന്നു.

4.29 - മന്ത്രിയായി കെ. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.32 - മന്ത്രിയായി പി. രാജീവ് സത്യപ്രതിജ്ഞ ചെയ്യുന്നു.

4.36 - മന്ത്രിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.39 - മന്ത്രിയായി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു.

4.42 - മന്ത്രിയായി വി.എന്‍. വാസവന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.

4.46 - മന്ത്രിയായി വീണാ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്യുന്നു.

4.50 - സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാപനത്തിന്റെ ഭാഗമായി ദേശീയഗാനം

4.53 - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്കു മടങ്ങുന്നു.

4.58 - സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ സത്കാരത്തിനായി രാജ്ഭവനിലേക്ക്

മാതൃകയായി സത്യപ്രതിജ്ഞ; അണുവിട തെറ്റാതെ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മഹാമാരിക്കാലത്തെ ഒത്തുചേരലിന്റെ മനോഹര മാതൃകയായി. ആദ്യാവസാനം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് നടന്ന ചടങ്ങുകള്‍ കോവിഡിനെ മറികടക്കാനുള്ള പ്രത്യാശയുടെ പ്രതീകം കൂടിയായി മാറി.

അതിഥികളും സമാജികരും സംഘാടകരുമടക്കം ഏറ്റവും ചുരുങ്ങിയ എണ്ണത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അണുവിടവ്യതിചലിക്കാതെ ആരോഗ്യ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതും  ഏറെ ശ്രദ്ധേയമായി. വേദിയിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആരോഗ്യ വകുപ്പ്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരോ ആര്‍ടിപിസിആര്‍/ആന്റിജന്‍ എന്നിവയിലേതെങ്കിലും ടെസ്റ്റ് നെഗറ്റിവ് ആയിട്ടുളളവരോ ആയ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് സത്യപ്രതിജ്ഞാ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തില്‍ നിന്ന് ഒരു പ്രതിനിധിക്കുമാത്രമായിരുന്നു പ്രവേശനം. ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങളും ചിത്രങ്ങളും വാര്‍ത്തകളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ലഭ്യമാക്കി.

സ്റ്റേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടു ദിവസം മുമ്പുതന്നെ സമ്മേളന സ്ഥലം സന്ദര്‍ശിച്ച് മുന്‍ കരുതല്‍ നടപടികള്‍ ആംരഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനെത്തുന്ന സാമാജികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ്  നടത്താന്‍ നിയമസഭയിലും സെക്രട്ടേറിയറ്റ് അനക്‌സിലും സൗകര്യമൊരുക്കി. നിയമസഭയില്‍ രണ്ടും സെക്രട്ടേറിയറ്റ് അനക്‌സില്‍ നാലും വീതം ടീമിനെയാണ് നിയോഗിച്ചത്. രജിസ്‌ട്രേഷനും പരിശോധനയും നടത്തി അരമണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാക്കാന്‍ തീരുമാനിച്ചു. 48 മണിക്കൂറിനുള്ളില്‍ പരിശോധനയ്‌ക്കെത്തിയവര്‍ക്ക് ആര്‍ടിപിസിആറും സത്യപ്രതിജ്ഞാദിനത്തില്‍ പരിശോധനയ്‌ക്കെത്തിയവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുമാണ് നടത്തിയത്. ഇതിനായി പരിശോധനാ കേന്ദ്രത്തില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ കസേരയിട്ട് ഒരോരുത്തരും തമ്മിലുള്ള സാമൂഹ്യ അകലം ക്രമീകരിച്ചു. ആദ്യമെത്തിയ ആളുടെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് അടുത്തയാളെ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലും ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ഇതുമൂലം സാധിച്ചു. പരമാവധി 20 മിനിറ്റിനുള്ളില്‍ എല്‍ഡിഎംഎഫ് പോര്‍ട്ടല്‍ വഴി പരിശോധനാ ഫലം ലഭ്യമാക്കി. സത്യപ്രതിജ്ഞാ ദിനത്തില്‍ മാത്രം ഉച്ചവരെ 92 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തി റെക്കോഡ് വേഗത്തില്‍ ഫലം ലഭ്യമാക്കിയത്.  

എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കാത്ത ആര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വേദിയില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് കസേരകള്‍ വിന്യസിച്ചത്. അകത്തു പ്രവേശിച്ചാല്‍ ഒരു കാരണവശാലും മാസ്‌ക് ഊരരുതെന്നും എവിടെയും സ്പര്‍ശിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ വേദിയിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കാനും ശരീരോഷ്മാവ് പരിശോധിക്കാനും വാക്‌സിനേഷന്‍, കോവിഡ് പരിശോധന സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനുമായി പ്രവേശന കവാടങ്ങളിലെല്ലാം ജൂനിയര്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവു പ്രകാരം പങ്കെടുക്കുന്നവരുടെ എണ്ണം പരാവധി കുറയ്ക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഐ.എം,.ജിയിലും അനക്‌സിലും നേരത്തേ നടത്തിയ  ആര്‍.ടി.പി.സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗസ്ഥരെ മാത്രമാണ് ചടങ്ങില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ചടങ്ങിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും കോവിഡ് പരിശോധനാ സൗകര്യം ഐ.എം.ജിയില്‍ ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പിലെ ഡോ. ചിത്രയുടെ നേതൃത്വത്തിലാണ് കോവിഡ് പരിശോധനകള്‍ ഏകോപിപ്പിച്ചത്.

പ്രൗഢം വനിതാ സാന്നിധ്യം സഭയിലും സദസ്സിലും

സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിസഭയില്‍ മൂന്നു വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാക്ഷ്യം വഹിച്ചത്  വനിതാ സാന്നിധ്യംകൊണ്ട് പ്രൗഢമാര്‍ന്ന സദസ്സ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ക്ഷണിതാക്കളുടെ എണ്ണം ഏറ്റവും ചുരുക്കിയപ്പോഴും സമൂഹത്തിലെ വിവിധ തുറകളിലുള്ള അമ്പതോളം വനിതകള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മുന്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പശ്ചിമ  ബംഗാളിനെ പ്രതിനിധീകരിച്ച് എത്തിയ ഡോ. കാകോളി ഘോഷ് ദസ്തിഖര്‍ എംപി, മുഖ്യമന്ത്രിയുടെ പത്നി കമല വിജയന്‍, ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലം സ്വദേശിനി സുബൈദ തുടങ്ങി നിരവധി വനിതകള്‍ ചടങ്ങിന് സാക്ഷിയായി.

മൂന്ന് വനിതാ മന്ത്രിമാരും കുടുംബാഗങ്ങളുമൊത്താണ് ചടങ്ങിനെത്തിയത്. പതിനൊന്നാമതായി പ്രൊ .ആര്‍ ബിന്ദുവും  പന്ത്രണ്ടാമത് ചിഞ്ചു റാണിയും ഏറ്റവും ഒടുവിലായി വീണാ ജോര്‍ജും അക്ഷരമാലാക്രമത്തില്‍ സത്യവാചകം ചൊല്ലി. ബിന്ദുവും ചിഞ്ചു റാണിയും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍  ദൈവനാമത്തിലായിരുന്നു വീണാ ജോര്‍ജിന്റെ പ്രതിജ്ഞ .  

ആദ്യ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടു വനിതാ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ചരിത്രം രചിച്ചപ്പോള്‍ മൂന്ന് വനിതാ മന്ത്രിമാര്‍ എന്ന പുതു ചരിത്രമെഴുതുകയാണ് രണ്ടാം സര്‍ക്കാര്‍.