ജില്ലയിലെ കോളനികളില്‍ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും

post

കാസര്‍കോട്: ജില്ലയിലെ പട്ടികജാതി,  പട്ടികവര്‍ഗ കോളനികളിലെ 45 ല്‍ 'കൂടുതല്‍ പ്രായമുള്ളവരുടെ  കോവിഡ് വാക്‌സിനേഷന്‍ നടത്തേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി  അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും  വാക്‌സിനേഷന്‍ സൗകര്യമൊരുക്കുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന, പട്ടികവര്‍ഗ വികസന ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.   രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആരോഗ്യ വകുപ്പ്  വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും. ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍

ജില്ലയില്‍  അളക്കുന്ന പാല്‍  മില്‍മ വഴി സി എഫ് എല്‍ടിസികളിലെ കോ വിഡ് രോഗികള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍ ,  വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ജില്ലയില്‍ മാഷ് , ആര്‍ ആര്‍ ടി, വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വ്യാഴാഴ്ച ചേരും. ജില്ലാ കളക്ടര്‍ ഓണ്‍ ലൈന്‍ യോഗത്തില്‍ സംബന്ധിക്കും.

വീട്ടിലുള്ള ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍ ആ വീട്ടിലുള്ള എല്ലാ അംഗങ്ങളും 14 ദിവസം നിര്‍ബന്ധമായും ക്വാറന്‍ റീനില്‍ കഴിയണം. കോവിഡ് ബാധിതനായ വ്യക്തി മറ്റുള്ളവരുമായി ബന്ധപ്പെടാതെ റൂമില്‍ ചികിത്സയില്‍കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി  റേറ്റ് പത്തില്‍ താഴെ എത്തുന്നതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐ സി എം ആര്‍ മാര്‍ഗനിര്‍ദ്ദേശം.രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.