സംസ്ഥാനം വാങ്ങുന്ന വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് എത്തി

post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി കോവിഷീല്‍ഡ്  വാക്‌സിനില്‍ 3 .5 ലക്ഷം ഡോസ് വാക്‌സിനുകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളില്‍ എത്തുന്ന വാര്‍ഡ്തല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വളണ്ടിയര്‍മാര്‍, തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുക.

കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലാത്ത 161 പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് വകുപ്പുകളോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും.

ലോക്ക് ഡൌണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേഗത്തില്‍ അനുമതി നല്‍കുന്നതിന് സംവിധാനമൊരുക്കും.

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പോലീസ് സംവിധാനത്തില്‍ 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ്  ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തും. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ  തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. അടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതി.

ഒന്നാമത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ഇപ്പോള്‍  നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണ്. രോഗബാധഇവിടെത്തന്നെയുള്ള സമ്പര്‍ക്കം മൂലമാണിപ്പോള്‍ കൂടുതലായി ഉണ്ടാകുന്നത്.  പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണ് എന്നത് മറക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.