കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കും

post

തിരുവനന്തപുരം: കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും ലീവ് കഴിഞ്ഞ ഡോക്ടര്‍മാരെയും ഇത്തരത്തില്‍ ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യാനുസരണം താല്‍ക്കാലികമായി നിയമിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം. സി എഫ് എല്‍ റ്റിസികള്‍, സി.എല്‍.ടി.സികള്‍  ഡിസിസികള്‍ എന്നിവ ഇല്ലാത്തിടത്ത് ഉടനെ സ്ഥാപിക്കണം. വാര്‍ഡ് തല സമിതികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി എടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും.  സ്റ്റാര്‍ട്ടപ്പുകളെയടക്കം ബന്ധപ്പെടും.  ഓക്സിജന്‍ വേസ്റ്റേജ് കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 15 വരെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരും എന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ആവശ്യത്തിലധികം ഓക്‌സിജന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അത് പരിശോധിക്കുന്നതാണ്. എല്ലാ ജില്ലകളിലും ടെക്ക്‌നിക്കല്‍ ടീം ഇത് പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.

മത്സ്യ ലേലത്തിന്റെ കാര്യത്തില്‍ ആള്‍ക്കൂട്ടം ഇല്ലാത്ത രീതിയില്‍ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും. റംസാന്‍ പ്രമാണിച്ച് ഹോം  ഡെലിവറി  സൗകര്യം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് ഗുണകരമാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.