നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും, പാലിക്കുന്നതില്‍ വിമുഖത വേണ്ട :മുഖ്യമന്ത്രി

post

* ഓക്‌സിജന്‍ ബെഡുകള്‍ ഗണ്യമായി വര്‍ധിപ്പിക്കും

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ റെയില്‍വെ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. ഓക്‌സിജന്‍ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കൂടുതല്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. രോഗവ്യാപനം മുന്നില്‍ കണ്ട് ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എല്‍ ടി സി കളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കും. ഇ എസ് ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജന്‍ ബെഡ് ആക്കി മാറ്റാം എന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.

ജയിലുകളില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന് ആലോചിക്കും. കേരളത്തിലെ ആക്റ്റീവ് കേസുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ 255 ശതമാനമാണ് വര്‍ദ്ധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്താകെയുള്ള ചിത്രം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിന്റേതാണ്. ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങള്‍ ഗൗരവത്തില്‍ കാണും. കേരളത്തില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീ മൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതല്‍ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മ്യൂട്ടേഷന്‍ വന്ന വൈറസുകള്‍ മരണ നിരക്കുയര്‍ത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായി മരണസംഖ്യയും ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കില്‍ കൃത്യമായ ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കാതെ പോവും. ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കണം.

 സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകള്‍ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കില്‍ എന്‍ 95 മാസ്‌കുകള്‍ തന്നെ ധരിക്കണം. അല്ലെങ്കില്‍ ഇന്നലെ പറഞ്ഞതു പോലെ ഡബിള്‍ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകള്‍ ധരിക്കുന്നതില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തണം. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക എന്നതും ആള്‍ക്കൂട്ടമൊഴിവാക്കുക എന്നതും നിര്‍ബന്ധമാണ്.

അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ചില സ്ഥലങ്ങളില്‍ കോവിഡ് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സബ്ബ് ഡിവിഷന്‍ തലത്തില്‍ ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവര്‍ നേരിട്ട് ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തും. അതിഥിതൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവരെ ബോധ്യപ്പെടുത്തും.

മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കില്‍, അത്രയധികം ശ്രദ്ധ നമ്മള്‍ പുലര്‍ത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികള്‍ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.