രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ വേണം : മുഖ്യമന്ത്രി

post

തിരുവനന്തപുരം 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്‌സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന  സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണം.

രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് സര്‍വകക്ഷിയോഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും അവരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വളരെ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടായത്. എന്നാല്‍ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിനു ശേഷവും ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും.

കോവിഡ് വ്യാപനത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്റിലേറ്ററും ഓക്‌സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും ഒരു കുറവും വന്നിട്ടില്ല.

ജയിലുകളില്‍ കോവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. എന്നാല്‍, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്‌നം പരിഹരിക്കും. ഇഎസ്‌ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.