കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കും: കൊറോണ കോര്‍ കമ്മറ്റി

കാസര്‍കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയില്‍ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തില്‍ സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കാന്‍ തീരുമാനമായി. പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രില്‍ 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും. ഇവിടെ 25 ബെഡുകള്‍ വരെ ക്രമീകരിക്കും. ഇവിടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കും. കോവിഡ് ബാധിതരായ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കും. ബ്ലോക്ക് തലത്തില്‍ കണ്ട്രോള് സെല്ലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സര്ജന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബ്ലോക്ക് തലത്തില്‍ കണ്ട്രോള് സെല്ലുകള്‍ പ്രവര്‍ത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ക്കാര്‍ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.