ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതല്‍

post

തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളില്‍ നടത്തും. ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്.  ഒരംഗത്തെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുമാണ് തിരഞ്ഞെടുക്കുന്നത്. 17ന് ജില്ലാ പഞ്ചായത്ത് 18ന് മുനിസിപ്പാലിറ്റി 19ന് കോര്‍പ്പറേഷന്‍ എന്നീ ക്രമത്തില്‍ അംഗങ്ങളെ തിരഞ്ഞെടുക്കും.  ജില്ലാ കളക്ടറാണ് വരണാധികാരി.

ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്കു മുഴുവനായി ഒരു കരടു വികസന പദ്ധതി തയ്യാറാക്കുന്നതിനുമാണ് ആസൂത്രണ സമിതി രൂപീകരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും ചെലവു കണക്കുകള്‍ പരിശോധിച്ച് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജൂണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുകയാണ്. പിഴവുകളില്ലാത്ത വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങളും യോഗം ചര്‍ച്ച ചെയ്തു.