ഭിന്നശേഷി സൗഹൃദമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്

post

കാസര്‍ഗോഡ് : ജില്ലയുടെ കിഴക്കന്‍ മലയോര  ബ്ലോക്ക് പഞ്ചായത്തായ കാറഡുക്കയില്‍  വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി നടത്തുന്നത് വേറിട്ട പ്രവര്‍ത്തനങ്ങള്‍. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയവുമായി കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമാവുകയാണ് ബ്ലോക്ക്. സെക്കണ്ടറി പാലിയേറ്റീവ് എന്ന പദ്ധതിയല്‍ ഉള്‍പ്പെടുത്തി നിരവധി പ്രവര്‍ത്തങ്ങളാണ് ബ്ലോക്ക് നേതൃത്വത്തില്‍ നടക്കുന്നത്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി ബേഡകം ആശുപത്രിയിലും ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തിലുമായി സ്വയം തൊഴില്‍ പരിശീലനം നല്‍കി. സോപ്പ്, സോപ്പ് പൊടി, ഫിനോയില്‍, പേപ്പര്‍ പേന എന്നിവയുടെ നിര്‍മ്മാണത്തിനുള്ള പരിശീലനമാണ് നല്‍കിയത്. ഇവരുടെ ഉത്പന്നങ്ങള്‍ സര്‍ക്കാറിന്റെ വിവിധ പരിപാടികളില്‍ വില്‍പന നടത്തി, അവരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്നതാണ് ബ്ലോക്കിന്റെ ലക്ഷ്യം. പരിശീലനം ലഭിച്ചവര്‍ മറ്റ് ഭിന്നശേഷിക്കാരേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പഠിപ്പിക്കുന്നു. പരിശീലനം ലഭിച്ചവര്‍ വിവിധ സര്‍ക്കാര്‍ പരിപാടികളിലെ സജീവ സാന്നിധ്യമാണ്. സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹായത്തോടെ വൈകല്യങ്ങള്‍ ഏകാന്തതയിലേക്ക് വലിച്ചെറിയുന്ന കൗമാര  യൗവനങ്ങള്‍ക്കും മധ്യ വയസ്‌കര്‍ക്കും ഭക്ഷ്യ സാമഗ്രികള്‍ അടങ്ങിയ കിറ്റും ബെഡ്ഷീറ്റ് എന്നിങ്ങനെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു. ജനകീയ ഇടപെടലുകളിലൂടെ ആരോഗ്യമുള്ള സമൂഹ നിര്‍മ്മിതിയെന്ന ആശയത്തിലൂടെയാണ് ഇത്തരം വിപുലമായ പദ്ധതികള്‍ ബ്ലോക്ക് ഇടപെട്ട് നടത്തുന്നത്