വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

post

കോട്ടയം : രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം 194 വയോജനങ്ങള്‍ക്ക് ആറര ലക്ഷം രൂപയുടെ  സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമാരനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കാഞ്ഞിരപ്പള്ളി തമ്പലക്കാട് നടുപ്പറമ്പില്‍ എന്‍.ആര്‍.  സോമന്  വീല്‍ചെയര്‍ നല്‍കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുതിര്‍ന്ന പൗരന്‍മാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.  126 കണ്ണടകള്‍, 123 ശ്രവണ സഹായികള്‍, ശ്രവണ സഹായിയില്‍ ഉപയോഗിക്കുന്ന 756 ബാറ്ററികള്‍, മൂന്ന് വീതം വീല്‍ച്ചെയറുകളും വോക്കിംഗ് ട്രൈപോഡുകളും, ആറ് വോക്കറുകള്‍, 10 ക്രച്ചസുകള്‍ 24 ഊന്നുവടികള്‍ എന്നിവയാണ് നല്‍കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.  കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മുനിസിപ്പാലിറ്റികളില്‍ നടത്തിയ ക്യാമ്പുകളിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.പി ചന്ദ്രബോസ്,  ഐ.സി.ഡി.എസ. സൂപ്പര്‍ വൈസര്‍ സി.എസ്. സുമ , സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ജോജി  ജോസഫ്, എന്‍.പി പ്രമോദ് കുമാര്‍ ,ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (അലിംകോ) പ്രതിനിധികളായ സുധീര്‍ ശുക്ല, ലിട്ടണ്‍ സര്‍ക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.