വാഹനാപകടങ്ങള്‍; പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

post

കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റോഡ് സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.

എം.സി. റോഡില്‍ നാഗമ്പടം മുതല്‍ ഗാന്ധിനഗര്‍ വരെ ജംഗ്ഷനുകളിലും സ്‌കൂളുകള്‍ക്കു സമീപവും അവ്യക്തമായ സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കും. കുമാരനല്ലൂര്‍ മേല്‍പ്പാലത്തില്‍ സിഗ്‌നല്‍ ലൈറ്റുകളും ദിശാബോര്‍ഡുകളും ഏര്‍പ്പെടുത്തും.

ജില്ലയിലെ സ്‌കൂളുകള്‍ക്കു സമീപം സൂചക ബോര്‍ഡുകളും വേഗത കുറയ്ക്കുന്നതിനുള്ള ബോര്‍ഡുകളും വയ്ക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെ ചുമതലപ്പെടുത്തി.

 ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഭരണങ്ങാനം മേരിഗിരി ഭാഗത്ത് വെയ്റ്റിംഗ് ഷെഡ്, ബസ് ബേ, സൈന്‍ ബോര്‍ഡുകള്‍ എന്നിവ ഏര്‍പ്പെടുത്തതിനും റോഡ് നവീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ഇവിടെ നടപ്പാതയും ഡ്രെയിനേജും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിരേഖ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ക്ക് അടിയന്തരമായി സമര്‍പ്പിക്കും.

തൊടുപുഴ-പാലാ റോഡില്‍ മാനത്തൂര്‍ പള്ളിക്കു സമീപത്തെ അപകട മേഖല സന്ദര്‍ശിച്ച കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് സമിതി പരിശോധിച്ചു. ഇവിടെ അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ കെല്‍ട്രോണിന്റെ  സഹകരണത്തോടെ ഏര്‍പ്പെടുത്തും.