ഭവന നിര്‍മാണ ബോര്‍ഡ് 'സൗഹൃദം' പാര്‍പ്പിട വായ്പാ പദ്ധതി ആരംഭിച്ചു

post

തിരുവനന്തപുരം : സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് 'സൗഹൃദം' പാര്‍പ്പിട വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പ്രഖ്യാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സൗഹൃദം വായ്പ പദ്ധതി ഭവനനിര്‍മാണ മേഖലയില്‍ പുതിയ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് വായ്പ അനുവദിക്കും. ഗുണഭോക്താവ് വീട് നിര്‍മാണത്തിനാവശ്യമായി വന്നേക്കാവുന്ന വായ്പ തുക മുന്‍കൂറായി ബോര്‍ഡിനെ അറിയിക്കണം. വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവിനുള്ളില്‍ ഈ തുകയുടെ ഒരു വിഹിതമായി ചുരുങ്ങിയത് 10 ശതമാനം തുക പ്രാരംഭ നിക്ഷേപമായി ബോര്‍ഡില്‍ അടയ്ക്കണം. വീട് നിര്‍മാണം ആരംഭിക്കുന്ന സമയത്ത് ആവശ്യപ്പെട്ട വായ്പ തുക ആറ് ശതമാനം പലിശ നിരക്കില്‍ അനുവദിക്കും. തുക ഉപയോഗിച്ച് വീടോ ഫ്്‌ളാറ്റോ വാങ്ങുന്നതിനും ഗുണഭോക്താക്കാള്‍ക്ക് സാധിക്കും.

റവന്യൂ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലക്, ഹൗസിംഗ് കമ്മീഷണര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ ഹെഡ് ഓഫീസിലും ഡിവിഷന്‍ ഓഫീസുകളിലും ലഭിക്കും.