രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാനത്ത് ഒരുങ്ങുന്നു
 
                                                *മ്യൂസിയം സജ്ജീകരണോദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു
തിരുവനന്തപുരം : ഒരു കോടിയില്‍പ്പരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാന നഗരിയില്‍ ഒരുങ്ങുന്നു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിനു കീഴിലെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ സജ്ജമാക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി നിര്‍വഹിച്ചു. മനുഷ്യ പുരോഗതിയുടെ ചരിത്രം സാംസ്‌കാരിക നവോത്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമാണെന്നും അവയുടെ വസ്തുനിഷ്ഠമായ നേര്‍സാക്ഷ്യമാണ് താളിയോലകളെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തെ തമസ്‌കരിക്കുന്ന വര്‍ത്തമാന കാലത്ത് താളിയോലകള്‍ ചരിത്രത്തെ സംരക്ഷിക്കുന്നവയാണ്. ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം തുടങ്ങിയ നവോത്ഥാന സമരങ്ങളുടെ നാള്‍വഴികളെ അടയാളപ്പെടുത്തും വിധത്തിലാകും മ്യൂസിയം ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് കോടി രൂപയാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണച്ചെലവ്. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരു കോടിയില്‍പ്പരം താളിയോലകളാണ് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ശേഖരത്തിലുള്ളത്. പഴയ വേണാട്, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവയുടെ ചരിത്രം അടങ്ങിയ രേഖകളില്‍ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉള്‍പ്പെടുന്നു. 14ാം നൂറ്റാണ്ടു മുതല്‍ പഴക്കമുള്ള ഈ ചരിത്രരേഖകള്‍ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് പ്രാചീനലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകള്‍, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകള്‍, തിരുവിതാകൂര്‍ ഹൈക്കോടതി, നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി എന്നിവിടങ്ങളിലെ രേഖകള്‍, ഹജൂര്‍ ഒഴുക് എന്ന പേരിലെ ഭൂരേഖകള്‍ എന്നിവ താളിയോലകളിലും തിരുവിതാംകൂര്‍ ഗസറ്റ്, സെറ്റില്‍മെന്റ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആര്‍ക്കൈവ്‌സിലുള്ളത്. ഇതുവരെയും റീസര്‍വേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകളും ഇതില്‍ ഉള്‍പ്പെടുന്നു. താളിയോലകള്‍ പുല്‍ത്തൈലം പുരട്ടി കേടുവരാതെ സൂക്ഷിച്ചിട്ടുണ്ട്.
ഫോര്‍ട്ടിലെ ആര്‍ക്കൈവ്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ പി.രാജേന്ദ്രന്‍ നായര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, കേരളം മ്യൂസിയം ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, കണ്ടന്റ് ക്രിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബി.ശോഭനന്‍, ആര്‍ക്കൈവ്‌സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബിജു എന്നിവര്‍ സംബന്ധിച്ചു










