ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം മാതൃക

post

കാസര്‍ഗോട് : ഭവന നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭയുടെ ലൈഫ് മിഷന്‍,പിഎംഎവൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടായി വിവിധ ഭവന നിര്‍മ്മാണ പദ്ധതികളിലൂടെ നിരവധി പേര്‍ക്കാണ് കേരളത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. 73 ,74 ഭരണ ഘടനാ ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവനരഹിതരെ കണ്ടെത്തി,ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യം 55000 പേരുടെ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത വീട് പൂര്‍ത്തീകരിക്കുന്നതിനും രണ്ടാംഘട്ടത്തില്‍ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനും ആണ് നേതൃത്വം നല്‍കിയത്. മൂന്നാംഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ചത് നല്‍കും.സംസ്ഥാനത്ത് ഒട്ടാകെ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് ലക്ഷം വീടുകളുടെ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി നടത്തും.
കാഞ്ഞങ്ങാട് നഗരസഭയിലെ 175 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടും, അവരുടെ സ്ഥലം നിലമാണെന്ന് ഡേറ്റാബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.