മലയോര ഹൈവേ സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി: മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിയുടെ ഒന്നാം ഘട്ടം
കാസര്‍കോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച നന്ദാരപദവ്-ചേവാര്‍ മലയോര ഹൈവേപദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ ഒരു പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നാടിന് സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയാണിത്. നന്ദാരപദവു മുതല്‍ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മലയോര ഹൈവേയ്ക്കായി ആകെ 3500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. നന്ദാരപദവ്-ചേവൂര്‍, ചെറുപുഴ-വള്ളിത്തോട് റീച്ചുകളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ തുടക്ക സ്ഥലമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുള്ള ഭാഗം കാസര്‍കോട് ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം ജില്ലാ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസീന ടീച്ചര്‍, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയതീന് കുഞ്ഞി തലക്കി, മീഞ്ച പഞ്ചായത്ത് അംഗം സി.സി ബാബു, കെ.ആര് ജയാനന്ദ, എ.കെ.എം അഷ്റഫ്, രാഘവ ചേരാള്‍, എന്നിവര്‍ സംസാരിച്ചു.
നന്ദാരപദവ്-ചേവാര്‍ പാത ജില്ലയിലെ വാണിജ്യ പ്രാധാന്യമുള്ള റോഡാകും
മലയോര ഹൈവേയുടെ തുടക്ക സ്ഥലമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗം കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റെടുത്ത ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. 2018 ജൂണിലാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. കര്‍ണാടകയുമായി ചേര്‍ന്ന് നില്ക്കുന്ന വോര്‍ക്കാടി, മീഞ്ച, പൈവളിഗെ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നന്ദാരപദവ്-ചേവാര്‍ മലയോരപാത പൂര്‍ണ്ണമായും മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.
54.53 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭ്യമായ പദ്ധതിയുടെ നിര്‍മ്മാണ ചുമതല കെ.കെ. ബില്‍ഡേഴ്സ് പേരാവൂര്‍ എന്ന കമ്പനിക്കായിരുന്നു. 12 മീറ്റര്‍ ഫോര്മേഷന് വീതിയും 8.8 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങും ആവശ്യമായ സ്ഥലങ്ങളില്‍ ഒരു മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായി നടപ്പാതകളും, സുങ്കതകട്ട, മോര്‍ത്താന, മിയാപദവ് എന്നീ ജംഗ്ഷനുകളുടെ നവീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 12,600 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓടകളും 44 കള്‍വര്‍ട്ടുകളും നിര്‍മ്മിച്ചു. ആറ് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും എല്ലാ റോഡ് സുരക്ഷാ ക്രമീകരണങ്ങളും പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു.
നന്ദാരദപവ് - ചേവാര്‍ പാത സംസ്ഥാനത്ത് മലയോര ഹൈവെ ആരംഭിക്കുന്ന പ്രഥമ റീച്ച് എന്നതിലുപരി കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പ്രാധാന്യമുള്ള ഒരു റോഡായും ഇത് മാറി. മലയോര ഹൈവെയുടെ ഈ ഭാഗം കടന്നുപോകുന്ന സുങ്കതകട്ട, മോര്‍ത്താന, മിയാപദവ്, ബായിക്കട്ടെ, ചേവാര്‍ എന്നീ പിന്നോക്ക പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണം വഴിയൊരുക്കും.