താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍ പി. എസ്. സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത ഇല്ലാതാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താന്‍ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്താന്‍ നിശ്ചയിച്ചത്.
10 വര്‍ഷം എന്ന കാലയളവില്‍ ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പ്രവര്‍ത്തിച്ചവരാണ്. അവരെയൊന്നും നിയമിച്ചത് ഈ സര്‍ക്കാരല്ല. സ്ഥിരപ്പെടുന്നവരില്‍ 20 വര്‍ഷവും അതിലേറെയും സര്‍വീസുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പരിഗണന വച്ച് ആരെയെങ്കിലും പ്രത്യേകമായി ഉള്‍പ്പെടുത്തുകയോ പുറംതള്ളുകയോ ചെയ്തിട്ടില്ല. മാനുഷിക പരിഗണന മാത്രമാണുണ്ടായത്.
ഫെബ്രുവരിയില്‍ അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളെല്ലാം ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റിട്ടയര്‍മെന്റ് എറ്റവും കൂടുതല്‍ ഉണ്ടാകുന്ന ഏപ്രില്‍, മെയ് മാസങ്ങളിലെ ഒഴിവുകള്‍ കൂടി നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ പൊലീസ് റാങ്ക് ലിസ്റ്റിലാവട്ടെ 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കി നിയമനം നല്‍കിയിട്ടുമുണ്ട്.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഇപ്പോള്‍ തന്നെ ഈ സര്‍ക്കാര്‍ (2021 ജനുവരി 31 വരെ) 1,57,911 പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
അനന്തമായി റാങ്ക്‌ലിസ്റ്റുകള്‍ നീട്ടി പുതിയ തലമുറയ്ക്ക് പരീക്ഷയെഴുതാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടേണ്ട ഒഴിവുകള്‍ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക്‌ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും. ഇതില്‍ എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണ്. സര്‍ക്കാര്‍ സാധ്യമായതിലും കൂടുതല്‍ നിയമനം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്.
അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്‌നം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനും മൂലധന നിക്ഷേപം നടത്തുന്നതിനും സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ അവശേഷിക്കുന്നുണ്ട്. നിയമനങ്ങള്‍ പലതും സ്തംഭിച്ചിരിക്കുന്നു.
ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റില്‍ ബിരുദമുള്ളവര്‍ക്ക് ഇപ്പോള്‍ പരീക്ഷയെഴുതാന്‍ പറ്റില്ല. നേരത്തേ ഇത്തരമാളുകള്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റുമായിരുന്നു. ഇതില്‍ പലരും മിക്കപ്പോഴും മറ്റു റാങ്ക്‌ലിസ്റ്റുകളിലും സ്ഥാനംപിടിക്കും. കൂടുതല്‍ ആകര്‍ഷകമായ തൊഴിലുകളിലേക്ക് നീങ്ങുമ്പോള്‍ ലഭിക്കുന്ന എന്‍ജെഡി ഒഴിവുകളിലൂടെ റാങ്ക് ലിസ്റ്റില്‍ പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമായിരുന്നു. ഇതുകൊണ്ടാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ എറ്റവും താഴെയുള്ള ആളുകള്‍ക്ക് നിയമനം ലഭിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്നില്ലായെന്നും പരാതി ഉയരുന്നത്.
ഈ വസ്തുതകള്‍ എല്ലാം മറച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും റാങ്ക്‌ലിസ്റ്റിലെ അവസാന ആളുകള്‍ക്കു പോലും തൊഴില്‍ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനുമാണ് ശ്രമം. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഒരു ലിസ്റ്റിലും പെടാത്ത ആളുകള്‍ പോലും വൈകാരിക പ്രകടനങ്ങള്‍ നടത്തുകയും അതിന് ചിലര്‍ ബോധപൂര്‍വം പ്രചാരണം നല്‍കുകയും ചെയ്തു. അതില്‍ ആളുകളുടെ ജീവന് അപകടം വരാവുന്ന ചില നീക്കങ്ങളുമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.










