സര്‍ക്കാര്‍ യാത്രാ ബോട്ടുകള്‍ കറ്റാമറൈന്‍ ബോട്ടുകളാകുന്നു; വാട്ടര്‍ ടാക്സികളും രംഗത്ത്

post

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈന്‍ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തില്‍ എറണാകുളം മേഖലയിലാണ് മാറ്റം. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈന്‍ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയില്‍ ഒരു കറ്റാമറൈന്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിരുന്നു.

നൂതന സാങ്കേതിക വിദ്യയോടു കൂടിയ കറ്റാമറൈന്‍ ബോട്ടുകളില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാനാവും. നിലവിലെ ബോട്ടുകളിലെ യാത്രാ നിരക്ക് തന്നെയാവും ഇതിലും. സുരക്ഷയും യാത്രാസുഖവും ഉറപ്പ് നല്‍കുന്നവയാണ് കറ്റാമറൈന്‍ ബോട്ടുകള്‍. എന്‍ജിന്റെ കടുത്ത ശബ്ദം ഇത്തരം ബോട്ടുകള്‍ക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

സാധാരണ ബോട്ടുകളെക്കാള്‍ വലിപ്പക്കൂടുതലുള്ള ഇവയ്ക്ക് 22 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുണ്ട്. രണ്ട് എന്‍ജിനും രണ്ട് ഹള്ളുമാണ് ഉള്ളത്. കപ്പല്‍ സാങ്കേതിക വിദ്യയിലെ വിദഗ്ധ ശാസ്ത്രഞ്ജരും എന്‍ജിനിയര്‍മാരും ഉള്‍പ്പെട്ട സമിതി ഓരോ ഘട്ടവും പരിശോധിച്ചാണ് ബോട്ടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ കറ്റാമറൈന്‍ ബോട്ടുകള്‍ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ബോട്ട് യാത്രയെ ആശ്രയിക്കുന്ന 80000ത്തിലധികം പേര്‍ക്ക് സുഖയാത്രയ്ക്ക് അവസരമൊരുങ്ങും.

ഇതിനൊപ്പം എറണാകുളം ജില്ലയില്‍ വാട്ടര്‍ ടാക്സി സര്‍വീസും ആരംഭിക്കുകയാണ്. ആലപ്പുഴയിലും പറശിനിക്കടവിലും വാട്ടര്‍ ടാക്സി സര്‍വീസ് വിജയമായതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലും ആരംഭിക്കാന്‍ തീരുമാനിച്ചത്. വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാവും. മണിക്കൂറിനാണ് ചാര്‍ജ്. ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയിലാവും വാട്ടര്‍ ടാക്‌സികളും പ്രവര്‍ത്തിക്കുക. ജലഗതാഗത വകുപ്പ് പ്രസിദ്ധീകരിക്കുന്ന നമ്പറിലാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. ആധുനിക സൗകര്യങ്ങളുള്ള ബോട്ട് മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കും. എറണാകുളം മേഖലയിലെ എല്ലാ റൂട്ടുകളിലും വാട്ടര്‍ ടാക്സിയുടെ സേവനം ലഭ്യമാകും. ഏകദേശം 70 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിര്‍മ്മാണ ചെലവ്. ഓരോ ബോട്ടിലും ഒരു ഡ്രൈവര്‍ കം സ്രാങ്ക്, ലാസ്‌കര്‍ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതം സാധ്യമായ എല്ലായിടങ്ങളിലേക്കും വാട്ടര്‍ടാക്‌സി ലഭ്യമാകും.