ജില്ലാ ഹോമിയോ ആശുപത്രിയില്‍ ക്ലിനിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു

post

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പുതിയതായി സജ്ജീകരിച്ച ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. 25 ലക്ഷം രൂപ ചിലവഴിച്ച്  ഹോമിയോ വകുപ്പ് ഒരുക്കിയ ലാബില്‍ ബയോകെമിസ്ട്രി, ഹെമറ്റോളജി വിഭാഗങ്ങളിലെ എല്ലാവിധ പരിശോധനകള്‍ക്കുമുള്ള സൗകര്യം ലഭ്യമാണ്.

വകുപ്പ് ആരംഭിച്ച സദ്ഗമയ ഇ-മാസിക, ആയുഷ്മാന്‍ഭവ റസിപീ ബുക്ക് എന്നിവയുടെ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു. പഠന വൈകല്യങ്ങളും വൈകാരിക പ്രശ്‌നങ്ങളും ചികിത്സ, കൗണ്‍സലിംഗ് എന്നിവയിലൂടെ മറികടക്കുന്നതിന് കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന സദ്ഗമയ പദ്ധതിയുടെ ഭാഗമായാണ് മാസിക തയ്യാറാക്കിയിട്ടുളളത്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, മറ്റ് ജനപ്രതിനിധികള്‍, എച്ച്.എം.സി അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി.കെ പ്രിയദര്‍ശിനി, ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വര്‍ഗീസ്, ഡോ. റോയ് സഖറിയ, ഡോ. കെ.കെ. ജിഷ  എന്നിവര്‍ പങ്കെടുത്തു.