കേരള ബാങ്ക് ലാഭക്കൊതിയുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദല്‍: മുഖ്യമന്ത്രി

post

കേരള ബാങ്ക് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരള ബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരള ബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1,216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാമത്. കേരള ബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് 1,625 ഉം ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകള്‍ക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം.

ഈ ശൃംഖലയ്ക്ക് സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നുവര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാര്‍ഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്‌നമല്ല. കാര്‍ഷിക വായ്പ പടിപിടിയായി ഉയര്‍ത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്. നാടിന്റെ സമ്പത്ത് നാട്ടില്‍ത്തന്നെ വിനിയോഗിക്കുന്നു എന്നത് സഹകരണ ബാങ്കിംഗ് മേഖലയുടെ പ്രത്യേകതയാണ്. സഹകരണ പ്രസ്ഥാനം പ്രാദേശിക വികസനത്തിന് സഹായകരവും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജനങ്ങളുടെ ആശ്രയവുമായിരുന്നു. വിവിധ പ്രതിസന്ധികളില്‍ സഹകരണമേഖല നടത്തിയ ഉദാത്ത ഇടപെടലുകള്‍ നാടാകെ അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ജനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. ദൗര്‍ബല്യങ്ങള്‍ ഉണ്ടായാല്‍ അത് കണ്ടെത്തി പരിഹരിച്ച് കൂടുതല്‍ മുന്നോട്ടുപോയതാണ് ചരിത്രം. 

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ക്രെഡിറ്റ് മേഖലയുടെ സഹകരണ സ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിനുള്‍പ്പെടെ നിലവില്‍ ആര്‍ബിഐ നിയന്ത്രണം ഉള്ളതിനാല്‍ കേരള ബാങ്കിനുള്ള ആര്‍ബിഐ നിയന്ത്രണത്തെ പ്രശ്‌നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാല്‍ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കെന്ന ആശയം പുതുതായി തോന്നിയ ഒന്നല്ല. ദീര്‍ഘകാലമായി പല സഹകാരികളിലും ത്രിതല സംവിധാനം ദ്വിതലമായി മാറുന്നത് കൂടുതല്‍ കരുത്തുപകരുമെന്ന ആശയം ചര്‍ച്ചയായിരുന്നു. അതു ഗുണകരമാകുമെന്ന് മനസിലാക്കിയാണ് കേരള ബാങ്കിലേക്ക് എത്തിയത്.

ഓരോ ഗ്രാമങ്ങളിലും വിപുലമായ തോതില്‍ ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തുന്നതില്‍ സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. ദേശീയ പ്രസ്ഥാന കാലഘട്ടം മുതല്‍ സഹകരണമേഖല ശക്തമായിരുന്നു. ജനസേവനത്തിന്റേതായ മാര്‍ഗം എന്ന നിലയില്‍ സഹകരണമേഖല പ്രവര്‍ത്തിച്ചതാണ് ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാന്‍ സഹായമായത്. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിടാനായതാണ് അതിജീവനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ രൂപകല്‍പന ചെയ്ത സ്ഥാപനമായ ബിആര്‍ ആന്റ് ഐയ്ക്ക് വേണ്ടി ബെന്നിച്ചന്‍ മാനുവല്‍ മുഖ്യമന്ത്രിയില്‍നിന്ന് മൊമന്റോ ഏറ്റുവാങ്ങി.

കേരള ബാങ്കിന്റെ ബ്രാന്റ് മൂല്യം ഉയര്‍ത്താനും ജനങ്ങള്‍ക്കത് അനുഭവവേദ്യമാകാനും എല്ലാ കാര്യങ്ങളിലും നാം ഒന്നാം സ്ഥാനത്തെത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പെരുമാറ്റത്തില്‍, ആധുനിക സാങ്കേതിക മികവില്‍, സുതാര്യതയില്‍, കൃത്യതയില്‍, വിശ്വാസ്യതയില്‍, മനുഷ്യ വിഭവശേഷിയില്‍, വളര്‍ച്ചയില്‍ എല്ലാം നാം ഒന്നാമതെത്തണം. ജില്ലാ ബാങ്കുകളില്‍ നിന്ന് ലഭിച്ചിരുന്ന എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. പ്രവാസി നിക്ഷേപവും കൂടുതല്‍ ആകര്‍ഷിക്കാനാകണം. വായ്പ കൊടുക്കുമ്പോള്‍ പലിശ കുറച്ചുകൊടുക്കാനാകുമെന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ, പുരാരേഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ജോയ് എം.എല്‍.എ., ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗള്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി. കെ. ജയശ്രീ എന്നിവര്‍ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. റാണി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്, സംസ്ഥാന സഹകരണ ബാങ്ക് വിശേഷാല്‍ പൊതുയോഗവും നടന്നു.