സര്‍വേയും ഭൂപരിപാലനവും ആധുനികമാകാന്‍ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറന്‍സ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

post

തിരുവനന്തപുരം: ഭൂപരിപാലനത്തിന് കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ നൂതന ജിയോസ്‌പേഷ്യല്‍ സാങ്കേതിക വിദ്യയായ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറന്‍സ് സ്റ്റേഷനുകള്‍ (CORS) സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടിയ്ക്ക് തുടക്കമാകുന്നു.

സി.ഒ.ആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന മാനവശേഷിയും, സര്‍വെ ജോലികളുടെ കാലതാമസവും കുറച്ച്, കൂടുതല്‍ കൃത്യതയില്‍ നിര്‍വഹിക്കാനാകും. പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ സര്‍വേ റിക്കാര്‍ഡുകള്‍ തയാറാക്കുന്നതിനാല്‍ ആധുനിക വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഓണ്‍ലൈനായി ഭൂവുടമകള്‍ക്ക് സേവനം നല്‍കാനുമാകും.

അടങ്കല്‍ തുകയായി 12 കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ ഏകദേശം എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 28 സി.ഒ.ആര്‍ സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ശേഷിക്കുന്ന തുക വിനിയോഗിച്ച് അനുബന്ധ ഉപകരണമായ റിയല്‍ ടൈം കൈന്‍മാറ്റിക് മെഷീനുകള്‍ വാങ്ങും.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയ പ്രാവീണ്യവും, പരിചയ സമ്പത്തും കണക്കിലെടുത്ത് സര്‍വേ ഓഫ് ഇന്ത്യ മുഖേനയാണ് കേരളത്തില്‍ സി.ഒ.ആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. നാവിഗേഷന്‍ സാറ്റലൈറ്റുകളെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സി.ഒ.ആര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.ടി.കെ മെഷീനുകള്‍ ഉപയോഗിച്ചാണ് സര്‍വേ ചെയ്യുന്നത്.

സര്‍വേ വകുപ്പിനെ കൂടാതെ ഇതര വകുപ്പുകള്‍ക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക സംവിധാനത്തില്‍ മതിയായ പരിശീലനവും സര്‍വെ ഓഫ് ഇന്ത്യ മുഖേന ജീവനക്കാര്‍ക്ക് നല്‍കും.

റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തില്‍ സി.ഒ.ആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം സര്‍വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ, സര്‍വെ ഓഫ് ഇന്ത്യയുടെ കേരള ആന്റ് ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടര്‍ പി.വി.രാജശേഖര്‍ എന്നിവര്‍ ജനുവരിയില്‍ ഒപ്പിട്ടിരുന്നു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 പോയിന്റുകളുടെ സ്ഥാനം ഭൂമിയില്‍ കണ്ടെത്തുന്ന ജോലികള്‍ പുരോഗതിയിലാണ്. ഇവയുടെ സ്ഥാനങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സംയുക്ത പരിശോധന നടത്തി അന്തിമമാക്കി സമ്മതപത്രം ലഭ്യമാക്കിയശേഷം സ്ഥാപിക്കും.