പള്‍സ് പോളിയോ: 10,3160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

post

കോട്ടയം: പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 10,3160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിന് താഴെയുള്ള ആകെ കുട്ടികളുടെ 88 ശതമാനമാണിത്. 1,245 ബൂത്തുകളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി. ജെ. സിത്താര, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി. ജെ, ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു.

മൊബൈല്‍ ബൂത്തുകള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ മരുന്നു വിതരണം നടത്തി. 

അങ്കണവാടി, ആശാ കുടുംബശ്രീ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 2,490 സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡി.എം.ഒ. അറിയിച്ചു. ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം കൂടി പ്രവര്‍ത്തിക്കും.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയവയുടെയും റോട്ടറി ഇന്റര്‍നാഷണലിന്റെയും സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തുന്നത്.