ട്രൈബല്‍ പ്ലസ്: 57521 പേര്‍ക്ക് നൂറു ദിന തൊഴില്‍

post

തിരുവനന്തപുരം: ആദിവാസി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ നൂറു ദിനം തൊഴില്‍ ലഭിച്ചത് 57521 പേര്‍ക്ക്. പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് മറ്റൊരു നൂറു ദിവസം കൂടി തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം നൂറു ദിവസങ്ങള്‍ക്ക് മുകളില്‍ തൊഴില്‍ ലഭിച്ചത് 46910 പേര്‍ക്കാണ്. പദ്ധതിയില്‍ 32.33 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് എല്ലാ ആഴ്ചയിലും വേതനം ലഭ്യമാക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ തുക ലഭിക്കുമ്പോള്‍ റിവോള്‍വിംഗ് ഫണ്ട് തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ പനമരം, മുട്ടില്‍, പുല്‍പ്പള്ളി പഞ്ചായത്തുകളിലുമാണ് റിവോള്‍വിംഗ് ഫണ്ടിലൂടെ ആഴ്ച തോറും വേതനം നല്‍കുന്ന സമ്പ്രദായം നടപ്പാക്കിയത്. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് 11.13 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ചിട്ടുണ്ട്.

പട്ടികജാതി കുടുംബങ്ങളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ഒപ്പം ട്രൈബല്‍ പ്ലസ് പദ്ധതിയും നടപ്പിലാക്കിയതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ തലത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്.