കാഴ്ച പരിമിതിയുള്ളവര്‍ക്ക് നല്ലൊരു ചങ്ങാതിയാകും സ്മാര്‍ട്ട് ഫോണ്‍

post

* 1000 സ്മാര്‍ട്ട് ഫോണുകളുടെ വിതരണം: സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം : കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്.  പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ തിരിച്ചറിയാനും സാധിക്കും.  ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കും. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷി മേഖലയില്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചത്.  സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ വിവിധ സഹായമാണ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മുച്ചക്രവാഹനങ്ങളാണ് നല്‍കിയത്. മൂന്ന് കോടി ചെലവഴിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണ ഷോറൂം തുറക്കും. പാവപ്പെട്ടവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ ഒ. വിജയന്‍, കെ.ജി. സജന്‍, ഗിരീഷ് കീര്‍ത്തി, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍കുമാര്‍, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന സെക്രട്ടറി സി. സജീവന്‍ എന്നിവര്‍ സംസാരിച്ചു.