അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍

post

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 6ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമിറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

ഡിസംബര്‍ 6ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, ഡിസംബര്‍ 7ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമിറ്റര്‍ മുതല്‍ 115.5 മില്ലീമിറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം പാലിക്കണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റം വരാം.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത, കടലില്‍ പോകരുത്

ഡിസംബര്‍ 6 വരെ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.

മാന്നാര്‍ കടലിടുക്കില്‍ എത്തിയ തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ്. നിലവില്‍ തീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയുമാണ്. തീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

ഡിസംബര്‍ ആറുവരെ ലക്ഷദ്വീപ്-മാലിദ്വീപ്, കൊമോറിന്‍ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ഈ തീയതികളില്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.