മ്യൂസിയം, മൃഗശാല: കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍

post

തിരുവനന്തപുരം: മ്യൂസിയവും മൃഗശാലയും തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളില്‍ ഒരേ സമയം പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു.

മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സന്ദര്‍ശിക്കുന്ന ഇടങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള എണ്ണം ആളുകളെ മാത്രമേ ഒരു സമയം അനുവദിക്കാന്‍ പാടുള്ളൂ. ഇതനുസരിച്ചു വേണം ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍. 

ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണം. പ്രവേശന കവാടങ്ങളിലും പുറത്തേക്ക് ഇറങ്ങുമ്പോഴും അകലം പാലിച്ച് ആളുകളെ നിര്‍ത്തുന്ന രീതി കര്‍ശനമാക്കണം. 

കഫറ്റീരിയ, കാന്റീന്‍ എന്നിവിടങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ടേക് എവേ കൗണ്ടറുകളാണ് അഭികാമ്യം. ഇരുന്നു ഭക്ഷണം കഴിക്കുന്ന ഇടങ്ങളില്‍ ടേബിളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം നിര്‍ബന്ധമായി പാലിക്കണം. അക്വേറിയം സന്ദര്‍ശിക്കാന്‍ ഒരു സമയം 20 പേരില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.