പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംരക്ഷണവും ജീവിതത്തില്‍ നേട്ടമാകുന്ന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നു: മുഖ്യമന്ത്രി

post

തിരുവനന്തപുരം : രാജ്യത്ത് പലയിടത്തും ദളിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഈ വിഭാഗങ്ങള്‍ക്കായി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സമാപനവും എസ്. സി, എസ്. ടി, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതികളുടെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാര്‍ എക്കാലവും പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഈ നിലപാടു സ്വീകരിച്ചിട്ടുണ്ട്.

ദളിതര്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായി സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്ത് നല്‍കാന്‍ ഇ. എം. എസിന്റെ കാലം മുതലുള്ള ഇടതു സര്‍ക്കാരുടെ ശ്രമിച്ചിട്ടുണ്ട്. കാര്‍ഷിക, ഭൂമി, വിദ്യാഭ്യാസ രംഗങ്ങളില്‍ വരുത്തിയ മാറ്റം ഉദാഹരണമാണ്. സംസ്ഥാനത്ത് ആത്മാഭിമാനമുള്ള കര്‍ഷക സമൂഹത്തെ രൂപീകരിക്കാനായതിനു പിന്നില്‍ നിരവധി പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ടി വന്ന ഒട്ടേറെ പീഡനങ്ങളുടെയും വീറുറ്റ ചരിത്രമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം തമസ്‌കരിച്ച് ജാതിവെറിയുടെയും മതസ്പര്‍ധയുടെയും ഇരുണ്ടകാലത്തേക്ക് അധസ്ഥിത വിഭാഗങ്ങളെ തള്ളിയിട്ട് ചൂഷണം ചെയ്യാന്‍ ജാതീയ, വര്‍ഗീയ ശക്തികള്‍ ഇന്ന് മത്സരിക്കുകയാണ്. ഈ ശ്രമം തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ആരാണ് ഒപ്പം നിന്നതെന്നും ആരാണ് ചതിച്ചതെന്നും മനസിലാക്കണം. ആരാണ് സമത്വത്തിലേക്ക് കൈപിടിച്ചതെന്നും ആരാണ് അസമത്വത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതെന്നും തിരിച്ചറിയണം. ആരാണ് മനുഷ്യരെയാകെ ഒരു പോലെ കാണുന്നതെന്നും ആരാണ് തൊട്ടുകൂടായ്മയുടെ കാലത്തേക്ക് വലിച്ചിടുന്നതെന്നും വ്യക്തമായി അറിയണം. ഈ തിരിച്ചറിവില്‍ നിന്നു വേണം ഓരോ സാമൂഹ്യ പക്ഷാചരണവും നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിന്നാക്ക വിഭാഗ കോര്‍പറേഷന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം ഗുണഭോക്താക്കള്‍ക്ക് 1931 കോടി രൂപയുടെ വായ്പ അനുവദിച്ചു. കോര്‍പറേഷന്‍ രൂപീകൃതമായി നാളിതുവരെ വിതരണം ചെയ്തതിന്റെ 49 ശതമാനമാണ് ഈ തുക. വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ അനുവദിച്ചത്.

നൂറ് പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റ് വഴി പോലീസിലും എക്സൈസ് വകുപ്പിലും ജോലി നല്‍കി. 1,32,000 പേര്‍ക്ക് ചികിത്സ ധനസഹായം നല്‍കി. ആദിവാസി ഊരുകളില്‍ 250 സാമൂഹ്യപഠന മുറികള്‍ പൂര്‍ത്തിയായി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീടിനോടു ചേര്‍ന്ന് 12500 പഠന മുറികള്‍ നിര്‍മിച്ചു നല്‍കി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനം ഉയര്‍ത്തി. നിരവധി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ആരംഭിച്ചു. മൂന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും 18 ഐ. ടി. ഐകളും തുടങ്ങി. വിദേശ പഠനത്തിനും തൊഴിലിനുമായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി. വിദേശ പഠനത്തിനായി പരമാവധി 25 ലക്ഷം രൂപ വരെ ധനസഹായം നല്‍കി. വിദേശത്ത് തൊഴില്‍ നേടാന്‍ 4162 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി. 70,000 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ കടാശ്വാസം അനുവദിച്ചു. പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വാത്സല്യനിധി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. വാസയോഗ്യമല്ലാത്ത പതിനായിരം വീടുകളുടെ പുനര്‍നിര്‍മാണത്തിന് സഹായമായി വീടൊന്നിന് ഒന്നരലക്ഷം രൂപ വീതം അനുവദിച്ചു. 17177 ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം അനുവദിച്ചു. 60,000ത്തിലധികം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ സംബന്ധിച്ചു.


cm