പാലക്കാട് ജില്ലയില്‍ ഏഴ് ആശുപത്രികളില്‍ ആന്റി വെനം

post

പാലക്കാട്: ജില്ലയില്‍ ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ കൊടുക്കുന്ന പ്രതിവിഷം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്ക് ആശുപത്രികള്‍, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിവിഷം ലഭിക്കുന്നത്.

പാമ്പുകടിയേറ്റാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം:

* പാമ്പുകടിയേറ്റാല്‍ പരിഭ്രമിക്കാതിരിക്കുക. ഒരിക്കലും ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.

* പാമ്പുകടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ന്ന് വിഷം വേഗം രക്തത്തില്‍ കലരാന്‍ കാരണമാകും.

* കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കി കളയാനോ കീറിയെടുക്കാനോ ശ്രമിക്കരുത്.

* കടിയേറ്റതിനു മുകളില്‍ തുണി മുറുക്കി കെട്ടരുത്. രക്തയോട്ടം തടസ്സപ്പെടുത്തും. തുണി ഉപയോഗിച്ച് അധികം മുറുക്കാതെ കെട്ടാം.

* രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.

* രോഗിയെ എത്രയും വേഗം ആന്റി സ്‌നേക് വെനം (പ്രതിവിഷം) ഉള്ള ആശുപത്രിയിലെത്തിക്കുക.

* കടിച്ച പാമ്പ് വിഷം ഉള്ളതാണോയെന്ന് അറിയാനുള്ള പരിശോധനകള്‍ ആശുപത്രികളില്‍ ലഭ്യമാണ്.

* വിഷവൈദ്യം, പച്ചമരുന്ന് തുടങ്ങിയവ ചെയ്ത് സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്.