കാന്‍സര്‍ രോഗികളുടെ വര്‍ധനവിനനുസരിച്ച് ആര്‍. സി. സിയുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കാന്‍സര്‍ രോഗികളുടെ വര്‍ധനവിനനുസരിച്ച് ആര്‍. സി. സിയിലെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് പരിഗണിച്ചാണ് 187 കോടി രൂപ ചെലവില്‍ പുതിയ 14 നില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2021ല്‍ പൂര്‍ത്തിയാകും വിധമാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. സി. സിയിലെ നൂതന കാഷ്വാലിറ്റി കേന്ദ്രം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍. സി. സിയുടെ അടുത്ത ഘട്ട വികസനം മുന്നില്‍ കണ്ടാണ് പുലയനാര്‍ കോട്ടയില്‍ 11.69 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. 20 കോടി രൂപ ചെലവില്‍ റേഡിയോ തെറാപ്പി മെഷീന്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. 14 കോടി ചെലവില്‍ അതിനൂതന സിടി സ്‌കാന്‍ പ്രവര്‍ത്തന സജ്ജമാകുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ 45 ലക്ഷം രൂപയുടെ മരുന്നാണ് ആര്‍. സി. സി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയത്. കോവിഡ് കാലത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടിയില്‍പരം രൂപ ചെലവഴിച്ചാണ് ആര്‍സിസിയില്‍ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍.സി.സിയിലെ പഴയ കാഷ്വാലിറ്റിയിലെ പരിമിതികള്‍ പരിഹരിച്ചാണ് ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയത്. എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയത്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി ഒരേസമയം 10 രോഗികള്‍ക്ക് ഇവിടെ തീവ്രപരിചരണം നല്‍കാന്‍ സാധിക്കും. രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ഓരോ കിടക്കയോടും അനുബന്ധിച്ച് ജീവന്‍ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് സ്ഥലം എന്നിവയും പ്രത്യേകതയാണ്. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.