നീറ്റ് പരീക്ഷ; കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

post

കോട്ടയം: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സെപ്റ്റംബര്‍ 13ന് നടത്തുന്ന നീറ്റ് (യു.ജി) പരീക്ഷയ്ക്ക് കോട്ടയം ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. പരീക്ഷാ നടത്തിപ്പില്‍ മുന്‍ വര്‍ഷങ്ങളില്‍ പാലിച്ചിരുന്ന നിയന്ത്രണങ്ങള്‍ക്കു പുറമെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പരീക്ഷാ നടത്തിപ്പില്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളും ക്രമസമാധാന പാലനവും തടസമില്ലാത്ത വൈദ്യുതി വിതരണവും ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഈ വകുപ്പുകളുടെ താലൂക്ക്തല ഏകോപനം ഉറപ്പാക്കുന്നതിന് തഹസില്‍ദാര്‍മാരെ ഫീല്‍ഡ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. റവന്യു ഡിവിഷന്‍ തലത്തില്‍ പരീക്ഷാ കേന്ദ്രങ്ങളുടെ പൂര്‍ണ മേല്‍നോട്ട ചുമതല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കാണ്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് പരീക്ഷാ നടത്തിപ്പും രോഗപ്രതിരോധ മുന്‍കരുതലുകളും സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ചുവടെ പറയുന്ന നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടത്തുന്ന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ രാവിലെ 11 മുതലുള്ള വിവിധ ടൈം സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഈ സമയക്രമം കൃത്യമായി പാലിക്കണം.

പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ എത്തുന്നുണ്ടെങ്കില്‍ അവര്‍ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്തോ ഗേറ്റിലോ കൂട്ടം കൂടുവാന്‍ പാടില്ല.

വിദ്യാര്‍ഥികള്‍ എത്തുന്ന വാഹനങ്ങള്‍ പോലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് പാര്‍ക്ക് ചെയ്യണം.

പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വാഹനം പാര്‍ക്കു ചെയ്യുന്ന സ്ഥലത്തെത്തി വാഹനത്തില്‍ കയറി മടങ്ങണം.

പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

 ആരോഗ്യ പ്രവര്‍ത്തകരും പോലീസും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളും അവര്‍ക്കൊപ്പം എത്തുന്നവരും പാലിക്കേണ്ടതാണ്.