സംസ്ഥാനത്ത് ജനുവരി 26 ഓടെ രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് വീടുകള്‍ യാഥാര്‍ഥ്യമാകും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

മുഖത്തലയില്‍ ലൈഫ് കുടുംബസംഗമം നടത്തി
കൊല്ലം   : ജനുവരി 26 ഓടെ വീടില്ലാത്തവരായ രണ്ടു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകളുടെ പൂര്‍ത്തീകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും  മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു റേഷന്‍ കാര്‍ഡിന് ഒന്ന് എന്ന കണക്കിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കിയത്. പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു  ലൈഫ് ഒന്നാം ഘട്ടത്തില്‍. ലൈഫ്  രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്   ഭൂമിയുള്ള അര്‍ഹതപെട്ടവരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നല്‍കിയത്. മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്കായി വീടുകള്‍ നല്‍കുന്ന നടപടികള്‍ പുരോഗതിയിലാണ്. ഭൂമി ലഭ്യതയ്ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ ഭൂരഹിത  ഭവന രഹിതര്‍ക്കായി  ഫ്‌ളാറ്റ് സമുച്ചയങ്ങളും സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം ഏറ്റെടുത്ത 1196 വീടുകളില്‍ 1083 വീടുകള്‍ പൂര്‍ത്തീകരിച്ചു. നിര്‍മാണം പൂര്‍ത്തിയാകാതിരുന്ന 201 വീടുകളില്‍ 200 വീടുകള്‍ 3,91,52,556 രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പ് വഴി 55 വീടുകള്‍        79,17,665 രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി കരാര്‍ ചെയ്ത 844 വീടുകളില്‍ 722 വീടുകള്‍ പണി പൂര്‍ത്തീകരിച്ചു. ഇതിനായി 28,88,00,000 രൂപ ചെലവഴിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കട്ട നിര്‍മാണ യൂനിറ്റ് വഴി സൗജന്യമായി കട്ട വിതരണം നടത്തി. കശുവണ്ടി മേഖലയുടെ അഭിവൃദ്ധിക്കായി സര്‍ക്കാരിനൊപ്പം തൊഴിലാളികള്‍ കൂടി പിന്തുണ നല്‍കി രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ ഓരോരുത്തരും കൂടുതല്‍ കാര്യക്ഷമത പ്രകടിപ്പിക്കണം. മിനിമം 220 ദിവസമെങ്കിലും കശുവണ്ടി മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. തൊഴിലാളികളുടെ സജീവമായ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷത വഹിച്ചു. എം നൗഷാദ് എം എല്‍ എ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നടത്തി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ് ഫത്തഹുദ്ദീന്‍, സി പി പ്രദീപ്, ഷേര്‍ലി സത്യദേവന്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ ജോര്‍ജ് മാത്യൂ, പി ഗീതാദേവി, കെ സി വരദരാജന്‍ പിള്ള, ആര്‍ ബിജു, എ എ യു പ്രൊജക്ട് ഡയറക്ടര്‍ ടി സയൂജ, കില പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍, എ ഡി സി ജനറല്‍ കെ അനു, ലൈഫ് കോഓര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ജയൂമാരി, സെക്രട്ടറി ജോര്‍ജ് അലോഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു.