സമഗ്ര തേനീച്ച വളര്‍ത്തല്‍ വികസനത്തിന് 'സംസ്ഥാന ഹണി മിഷന്‍'

post

തേനീച്ച വളര്‍ത്തല്‍ മേഖലയെ ശാസ്ത്രീയമായി ശക്തിപ്പെടുത്താനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന ഹണി മിഷന്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു.


ഈ മാസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും ഉന്നതതല യോഗം ചേര്‍ന്ന് പദ്ധതിയുടെ വിശദമായ പ്രവര്‍ത്തനരേഖ തയ്യാറാക്കും. തിരുവനന്തപുരത്തെ മലയത്ത് ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് എപ്പികള്‍ച്ചറിസ്റ്റ്‌സ് (FIA) സ്ഥാപിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ആധുനിക തേന്‍ സംസ്‌കരണ പ്ലാന്റും ഗുണനിലവാര പരിശോധനാ ലബോറട്ടറിയും ഉള്‍പ്പെടുന്ന കേന്ദ്രം തേനീച്ച കര്‍ഷകര്‍ക്ക് മികച്ച സംസ്‌കരണ-വിപണന സൗകര്യങ്ങള്‍ ഒരുക്കും. ആദിവാസി മേഖലകളിലെ തേനീച്ച വളര്‍ത്തലിനും വനങ്ങളില്‍നിന്നുള്ള തേന്‍ ശേഖരണത്തിനും ഹണി മിഷനില്‍ പ്രത്യേക പരിഗണന നല്‍കും.


സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, നാഷണല്‍ ബീ ബോര്‍ഡ്, നബാര്‍ഡ് തുടങ്ങിയ ഏജന്‍സികളുടെ പിന്തുണയും വിവിധ പദ്ധതികളിലൂടെയുള്ള സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും മന്ത്രി പറഞ്ഞു.