ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുവജനക്കൂട്ടം; 'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' സന്നദ്ധസേനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
സംസ്ഥാനത്ത് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണസംസ്കാരം വളർത്തിയെടുക്കുന്നതിനായി യുവജനങ്ങളെ അണിനിരത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് 'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' എന്ന് പേരിട്ടിരിക്കുന്ന പുതിയ സന്നദ്ധസേന രൂപീകരിച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ജങ്ക് ഫുഡുകളുടെ അമിതോപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്, ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക പരിശീലനം നേടിയ യുവജനങ്ങളെ ഉൾപ്പെടുത്തി ഇത്തരമൊരു സേനയ്ക്ക് രൂപം നൽകിയിട്ടുള്ളത്.
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള സന്ദേശങ്ങളും ശരിയായ ഭക്ഷണരീതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതിൽ ഈ യുവജന സന്നദ്ധസേന നിർണായക പങ്കുവഹിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം പരമാവധി ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

'ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026' ബോധവത്കരണവും പരിശീലനവും
യൂത്ത് ഫോർ ഫുഡ് സേഫ്റ്റി പ്രഖ്യാപനത്തോടൊപ്പം, സംസ്ഥാനവ്യാപകമായി ഭക്ഷ്യസംരംഭകർക്കായുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഓണത്തോടനുബന്ധിച്ച് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പാദന-വിതരണ മേഖലകളിലെ പ്രവർത്തനങ്ങൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലാണ് 'ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026' എന്ന പേരിൽ ഈ വിപുലമായ ബോധവത്കരണ-പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഭക്ഷ്യസംരംഭകർക്കുള്ള കർശന നിർദ്ദേശങ്ങൾ:
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയ്യാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണ്.
തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകൾ വരെയുള്ള എല്ലാ ഭക്ഷ്യശാലകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഓണസദ്യ തയ്യാറാക്കുന്നവരും കാറ്ററിങ് സ്ഥാപനങ്ങളും ഭക്ഷണം പാക്ക് ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും മാലിന്യം കലരാതെ ശുചിത്വം ഉറപ്പാക്കണം.
ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള ഗുരുതരമായ രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. അതിനാൽ കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം നൽകുന്ന രീതി ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമാക്കണം. മോശം ഗുണനിലവാരമുള്ള മത്സ്യവും മാംസവും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
എറണാകുളത്ത് മന്തി ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സംഭവം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ തുടർനടപടികൾ സ്വീകരിക്കും. ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കും. അതേസമയം, നിയമം പാലിച്ച് കൃത്യമായി പ്രവർത്തിക്കുന്ന സംരംഭകർക്ക് സർക്കാർ എല്ലാവിധ പിന്തുണയും സൗഹൃദപരമായ സമീപനവുമായിരിക്കും നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ കൗൺസിലർ സൂര്യ വി. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ ശ്രീധന്യ സുരേഷ് സ്വാഗതവും ജോയിന്റ് കമ്മീഷണർ അജി എസ്. ആശംസകളും അർപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് (പി.എഫ്.എ) വൃന്ദ എസ്. നന്ദി രേഖപ്പെടുത്തി. വിവിധ ഭക്ഷ്യസംരംഭകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.








