മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (15/07/2026)
സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് പ്രോട്ടോക്കോൾ എന്നിവ ഉറപ്പാക്കി ഫയൽ നീക്കം വേഗത്തിലാക്കും
2027-ലെ പത്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ തീരുമാനമായി
പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി ജൂവിൻ രാജുവിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി
കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങൾ നിലവിലെ റിപ്പോർട്ടിലില്ലെന്നും ഇത് പൂർണമായ റിപ്പോർട്ടല്ലെന്നും സമിതി വിലയിരുത്തി. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്നാണ് ശുപാർശ. പദ്ധതിയുടെ വരുമാനവും വായ്പാ തിരിച്ചടവും ഉറപ്പാക്കാൻ ചരക്ക് ഗതാഗത സാധ്യതകളും ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്രമായ പഠനം നടത്തണം. കൂടാതെ, നിലവിലുള്ളതും ഭാവിയിൽ വികസിപ്പിക്കുന്നതുമായ മെട്രോ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഉൾനാടൻ ജലഗതാഗത സംവിധാനം എന്നിവയുമായി പദ്ധതി എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ചും പ്രത്യേകം പഠനം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തു. വിദഗ്ധസമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കും








