ഡിജിറ്റൽ വിദ്യാഭ്യാസം പ്രാഥമികതലം മുതൽ ശക്തിപ്പെടുത്തും: മന്ത്രി എൻ ഷംസുദീൻ

post

ലോകത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്ന പുതിയ തലമുറയെ വാർത്തെടുക്കാൻ പ്രാഥമികതലം മുതൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള മത്സരലോകത്തെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികൾക്ക് പ്രാഥമികതലം മുതൽ ഡിജിറ്റൽ വിജ്ഞാനവും സാങ്കേതിക നൈപുണ്യവും ഉറപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾ യു.പി., ഹയർ സെക്കൻഡറി തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.


സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് റോബോട്ടിക്‌സ് കിറ്റുകൾ വിതരണം ചെയ്ത് ആധുനിക ലാബുകൾ ഒരുക്കും. ഇതിനൊപ്പം യു.പി. തലത്തിൽ ഡിജിറ്റൽ സ്‌കൂൾ പദ്ധതിയും സൈബർ സേഫ്റ്റി പ്രോട്ടോക്കോളും നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നേരിടുന്ന സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി 120 പുതിയ അഡീഷണൽ ബാച്ചുകൾ ആരംഭിക്കും. എല്ലാ വിദ്യാർഥികൾക്കും ആവശ്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.