അന്തർദേശീയ സഹകരണ ദിനാഘോഷം ജൂലെ 4ന്
2026-ലെ അന്തർദേശീയ സഹകരണ ദിനാഘോഷം ജൂലൈ 4-ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുക.
'സമാധാനപൂർണ്ണമായ ലോകത്തിനായി സഹകരണ സംഘങ്ങൾ' (Cooperatives for a Peaceful World) എന്നതാണ് ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനത്തിന്റെ മുഖ്യ പ്രമേയം. സഹകരണ പ്രസ്ഥാനങ്ങൾ സമാധാനപരവും സുസ്ഥിരവുമായ വികസനത്തിന് നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനാണ് ഇത്തവണത്തെ ദിനാഘോഷം ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
രാവിലെ 9 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ്. പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ വിഭാഗങ്ങളിൽ 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാംഗങ്ങളും സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും.








