സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും: മന്ത്രി കെ.മുരളീധരൻ
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും രോഗീസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ചികിത്സയിൽ ചെറിയ പിഴവുകൾ പോലും ഉണ്ടാകാതിരിക്കാനുള്ള അതീവ ജാഗ്രത ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിലെ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രത്യേക ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുൻകൂട്ടി തയ്യാറെടുപ്പുകളില്ലാതെ പെട്ടെന്ന് ട്രെയിനിംഗുകൾ നിശ്ചയിക്കുന്നതും, വിവിധ ജില്ലകളിൽ നിന്ന് ഡോക്ടർമാർ പുറപ്പെട്ട ശേഷം അത് റദ്ദാക്കുന്നതും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംഘടനകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പരിഹാരമായി ഡോക്ടർമാരുടെ ട്രെയിനിംഗ് കലണ്ടർ മുൻകൂട്ടി തയ്യാറാക്കി കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലെ ചികിത്സകൾക്ക് ഏകീകൃത സ്വഭാവം ഉറപ്പാക്കാൻ ആശുപത്രികളെ സ്റ്റാന്റഡൈസ് ചെയ്യണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു. തിരക്കുള്ള ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസർമാരെ വീതം നിയോഗിക്കണമെന്ന ആവശ്യവും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, താഴേത്തട്ടിൽ കൂടുതൽ സൈക്യാട്രിസ്റ്റുകളെയും ഫോറൻസിക് സർജന്മാരെയും നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയർന്നു. മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യം പരിശോധിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി പ്രതിനിധികളിൽ നിന്നും തേടി. ജീവനക്കാരുടെ പുനർവിന്യാസം ഉൾപ്പെടെയുള്ള സർക്കാരിന്റെ ന്യായമായ എല്ലാ തീരുമാനങ്ങൾക്കും സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
ആയുഷ് ഹെൽത്ത് പോളിസി: ആയുർവേദ മേഖലയുടെ ഉന്നമനത്തിനായി 2016-ൽ പ്രഖ്യാപിച്ച ആയുഷ് ഹെൽത്ത് പോളിസി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്ത് ഗവേഷണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സകൾക്കും 'കാരുണ്യ' ഉൾപ്പെടെയുള്ള ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സർക്കാർ പരിഗണിക്കും. കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എച്ച്.എം.ഒ.എ) ഉന്നയിച്ച ഹോമിയോപതി നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കണമെന്ന ആവശ്യം അനിവാര്യമാണെന്ന് മന്ത്രി വിലയിരുത്തി. ആശുപത്രികളിലെ മുതിർന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൂപ്രണ്ടുമാരാക്കണമെന്നും, സ്‌പെഷ്യലിസ്റ്റുകൾക്കായി ഡയറക്ടർ തസ്തിക വേണമെന്നും കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (കെ.ജി.എസ്.ഡി.എ) പ്രതിനിധികൾ ആവശ്യപ്പെട്ടു. അഖിലകേരള ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, നഴ്‌സുമാരെ പ്രതിനിധീകരിച്ച് കേരള ഗവ. നഴ്‌സസ് യൂണിയൻ എന്നിവരുടെ ഭാരവാഹികളുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി.








