മൊത്ത വില്‍പനകേന്ദ്രങ്ങളില്‍ നിന്നും മീന്‍വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും

post

തിരപവനന്തപുരം : മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും മൊത്ത വില്‍പനകേന്ദ്രങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ മീന്‍ വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ മീന്‍ വില്‍പനയ്ക്ക് പോകാന്‍ അനുമതി നല്‍കൂ.

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കും.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട്.

കോണ്‍ടാക്ട് ട്രെയ്‌സിങ്ങിനായി പൊലീസ് നിരവധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് കോവിഡ് രോഗികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് ശേഖരിക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താന്‍ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തിലും സിഡിആര്‍ ശേഖരിച്ച് രോഗികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്‍ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തില്‍ കഴമ്പില്ല.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞുള്ള ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവര്‍ക്ക് 42,000 രൂപ വെച്ച് പ്രതിമാസ വേതനം അനുവദിക്കുന്നതിന് 13.38 കോടി രൂപ ധനകാര്യ വകുപ്പ് അടിയന്തരമായി അനുവദിച്ചു.പെട്ടിമുടിയില്‍ സേവനമനുഷ്ഠിക്കുന്ന റെസ്‌ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തി. സംശയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.