വസന്തോത്സവത്തിന് നിറംപകരാന്‍ അഡീനിയം ചെടികളും

തിരുവനന്തപുരം: വസന്തോത്സവത്തിന് മാറ്റുകൂട്ടി അഡീനിയം ചെടികള്‍. ചെടിച്ചട്ടിയില്‍ നിറയെ പൂക്കളുമായി പല നിറത്തില്‍ പൂവിട്ടു നില്‍ക്കുന്ന കുഞ്ഞന്‍ അഡീനിയം ചെടികള്‍ ആരെയും ആകര്‍ഷിക്കും. വരണ്ട കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിവുള്ള അഡീനിയത്തിന് 'ഡെസേര്‍ട് റോസ്' എന്നും വിളിപ്പേരുണ്ട്. ഇവയെ വളര്‍ത്താനും പരിപാലിക്കാനും ഏറെ ലളിതവുമാണ്. വെള്ളാരം കല്ലുകള്‍ക്കിടയില്‍ പൂച്ചെട്ടികളില്‍ പൂത്തു നില്‍ക്കുന്ന അഡീനിയം ചെടികള്‍ സന്ദര്‍ശകരുടെ മനം കവരുകയാണ്. കനകക്കുന്നില്‍ അലങ്കാര ചെടികളുടെ കൂട്ടത്തില്‍ ഒന്നാമന്‍ കൂടിയാണ് അഡീനിയം. അഡീനിയത്തെ പൂച്ചെടികളുടെ ഗണത്തിലും ഒപ്പം ബോണ്‍സായ് വര്‍ഗത്തിലും ഉള്‍പ്പെടുത്താറുണ്ടെന്നതും കൗതുകം. ചുവപ്പ്, വെള്ള, മഞ്ഞ, വയലറ്റ് തുടങ്ങി ഒട്ടേറെ നിറങ്ങളില്‍ ഇവ ലഭ്യമാണ്. നിറയെ ജലം ശേഖരിക്കുന്ന തരം തണ്ടുകളുള്ള അഡീനിയത്തിന്റെ പ്രാകൃതയിനങ്ങളെല്ലാം വരണ്ട കാലാവസ്ഥയിലാണ് സ്വാഭാവികമായും കാണപ്പെടുക. ട്രിവാന്‍ഡ്രം അഡീനിയം, ആത്മനിലയം,കുമാര്‍, റിയല്‍ ഗാര്‍ഡന്‍ എന്നീ നഴ്‌സറികളില്‍ നിന്നാണ് ചെടികള്‍ എത്തിച്ചിരിക്കുന്നത്.