വനവിഭവങ്ങളുമായി വനശ്രീ ഇക്കോഷോപ്പ്

post

തിരുവനന്തപുരം: ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വന്തമാക്കാന്‍  അനന്തപുരി നിവാസികള്‍ക്കിതാ സുവര്‍ണാവസരം. വസന്തോത്സവം പുഷ്‌മേളയോടനുബന്ധിച്ച് വനംവകുപ്പ് ഒരുക്കിയ വനശ്രീ ഇക്കോ ഷോപ്പിന്റെ കൗണ്ടറിലാണ് ഈ വിഭവങ്ങള്‍ ലഭിക്കുക. തിരുവനന്തപുരം വനവികാസ ഏജന്‍സിയുടെ നേതൃത്വത്തിലാണ് വനവിഭവങ്ങളുടെ വിപണകേന്ദ്രമായ ഈ ഇക്കോ ഷോപ്പ്  പ്രവര്‍ത്തിക്കുന്നത്. വയനാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളും മറയൂരിലെ ശര്‍ക്കരയുമെല്ലാം പ്രധാന വിഭവങ്ങളാണ്.

സംസ്ഥാനത്തെ വിവിധ വനപ്രദേശങ്ങളില്‍ നിന്നും ആദിവാസികള്‍ ശേഖരിക്കുന്ന വസ്തുക്കള്‍ പി.റ്റി.പി നഗറിലെ വനശ്രീ ഓഫീസില്‍ എത്തിക്കുന്നു. അവിടെനിന്നും തരംതിരിച്ച ശേഷം പായ്ക്കറ്റിലാക്കി വഴുതക്കാട് ഓഫീസ് മുഖേന വിപണിയിലെത്തിക്കുന്നു. വസ്തുക്കള്‍ തരം തിരിക്കുന്നതിലും പാക്കിംഗ് ചെയ്യുന്നതിലും ആദിവാസികളുടെ പങ്കാളിത്തമുണ്ട്.