കനകക്കുന്നില്‍ ഓര്‍ക്കിഡ് വസന്തം

post

തിരുവനന്തപുരം: വസന്തോത്സവത്തില്‍ വര്‍ണം വിതറി ഓര്‍ക്കിഡുകളുടെ വമ്പന്‍ ശേഖരം. ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗിയുള്ള മൊക്കാറ, ഒണ്‍സീഡിയം, ഡെന്‍ഡ്രോബിയം, ഹാങ്ങിംഗ് വാന്‍ഡ ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകളാണ് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ എത്തിച്ചിരിക്കുന്നത്. ഓര്‍ക്കിഡുകളുടെ റാണിയായ കാറ്റലിയ വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ കാണാന്‍ വന്‍ തിരക്കാണ്. വര്‍ഷത്തില്‍ നാലു പ്രാവശ്യം പൂവിടുന്ന ആനി ബ്ലാക്കിനെ കാണാനും തിരക്കോട് തിരക്കുതന്നെ. വാണിജ്യാടിസ്ഥാനത്തില്‍ ഓര്‍ക്കിഡ് കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് ആനിബ്ലാക്ക്.

300 രൂപ മുതല്‍ വിലയുള്ള മൊക്കാറയാണ് മറ്റൊരിനം. ഓര്‍ക്കിഡ് പ്രേമികളുടെ ഇഷ്ട ഇനമായ മൊക്കാറയുടെ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി ഓര്‍ക്കിഡ് ചെടികള്‍ക്ക് മണ്ണ് ആവശ്യമില്ല. എന്നാല്‍ മണ്ണില്‍ നടാന്‍ കഴിയുന്ന വ്യത്യസ്തയിനം ടാങ്കര്‍ വില്ലകള്‍, സ്പാത്തക്‌ളോട്ടസ് എന്നിവയെയും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍, മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ക്കിഡുകളും വസന്തോത്സവത്തില്‍ വര്‍ണം വിതറുന്നു.